യൂബര്‍ ടാക്സി വിളിച്ച് ഡ്രൈവറെ മര്‍ദിച്ച് പണം തട്ടിയ സംഘത്തില്‍ ആറുപേര്‍ പിടിയില്‍
text_fieldsമണ്ണന്തല: സവാരിക്കെന്ന വ്യാജേന യൂബര്‍ ടാക്സി വിളിച്ച് ഡ്രൈവറെ തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് പണം തട്ടിയെടുത്ത പത്തംഗ സംഘത്തിലെ ആറു പേരെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു. ഉളളൂര്‍ പണയില്‍ വീട്ടില്‍ വിഷ്ണു (31) , ഇടവാക്കോട് സജി ഭവനില്‍ ജിത്ത് (28), ചേഞ്ചേരി ലക്ഷം വീട്ടില്‍ ജിഷ്ണു (24), കല്ലിയൂര്‍ കുളക്കോട്ടുകോണം കുന്നുംപുറത്ത് വീട്ടില്‍ യദു (18), നാലാഞ്ചിറ അക്ഷയ ഗാര്‍ഡനില്‍ കാപ്പിരി ജിതിന് എന്ന ജിതിന് (31), ശ്രീകാര്യം ചെറുവയ്ക്കല്‍ ചാമവിള വീട്ടില്‍ സൂരജ് (18) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലുളള അതുല്‍, ജിനു, രാഹുല്‍, ആവേല് ടോമി എന്നിവര്‍ക്കായുളള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
വെളളിയാഴ്ച രാത്രി 11.00 മണിയോടെ പാറോട്ടുകോണം-ശ്രീകാര്യം റൂട്ടില്‍ ഇടവാക്കോടുനിന്ന് യുബര്‍ ടാക്സി ഡ്രൈവറായ കരകുളം സ്വദേശി അരുണ്‍രാജിനെ (40) രണ്ടു പേര് ചേര്‍ന്ന് ഓട്ടം വിളിക്കുകയായിരുന്നു. കുറച്ചു ദൂരം സഞ്ചരിക്കവേ വഴിയില്‍ നിന്ന് മറ്റ് പ്രതികള്‍ വാഹനത്തില്‍ കയറുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് അരുണ്‍ രാജിനെ ക്രൂരമായി മര്‍ദിക്കുകയും കൈയിലുണ്ടായിരുന്ന ആറായിരം രൂപയും ഫോണും മറ്റ് വസ്തു വകകളും അപഹരിച്ച് കടക്കുകയുമായിരുന്നു.
മര്‍ദനമേറ്റ് ഉച്ചത്തില്‍ നിലവിളച്ച അരുണ്‍ രാജിനെ നാട്ടുകാര്‍ എത്തുന്നതിനു മുമ്പ് ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അരുണ്‍ രാജ് ആശുപത്രിയില്‍ ചികിത്സ തേടി. അരുണ്‍ രാജിന്റെ മുഖത്തും ശരീരത്തിലുടനീളവും ആഴത്തില്‍ മുറിവേറ്റു. അരുണ്‍ രാജ് നല്കിയ പരാതിയില്‍ കേസെടുത്ത പൊലീസ് നിമിഷങ്ങള്ക്കുളളില്തന്നെ പ്രതികളില്‍ ആറ് പേരെ പിടികൂടുകയായിരുന്നു. മണ്ണന്തല എസ്.എച്ച്.ഒ കണ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

