ഷാജി എൻ. കരുണിനെ അനുസ്മരിച്ച് 'സ്നേഹപൂർവം'
text_fieldsതിരുവനന്തപുരം: വഴുതക്കാട് ഉദാരശിരോമണി റോഡിലെ ‘പിറവി’യിലേക്ക് എത്തുന്നവരുടെ കണ്ണുകൾ ആദ്യം പതിയുന്നത് വീട്ടുമുറ്റത്ത് കിടക്കുന്ന കെ.എൽ 01 5211 നമ്പറിലുള്ള വെള്ള മാരുതി 800 കാറാണ്. മികച്ച സിനിമകൾ ഒരുക്കി ലോകോത്തര പുരസ്കാരങ്ങൾ ഏറ്റുവാങ്ങുമ്പോഴും മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുണിന്റെ സ്വകാര്യ യാത്രകളിൽ സന്തത സഹചാരിയായിരുന്നു അത്.
ഷാജി എൻ. കരുണിന്റെ ഓർമപുതുക്കലിന്റെ ഭാഗമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ഒരുക്കിയ ‘സ്നേഹപൂർവ’ത്തിലെ പ്രധാന ആകർഷണവും വെള്ള മാരുതിയായിരുന്നു. അതിനു ചുറ്റും അദ്ദേഹം ഒരുക്കിയ സിനിമകളുടെയും ജീവിതത്തിലെ മനോഹര നിമിഷങ്ങളുടെയും ചിത്രപ്രദർശനവും നടന്നു. തൊട്ടടുത്ത് അദ്ദേഹത്തിന്റെ സിനിമകളിലെ പ്രധാന ദൃശ്യങ്ങളടങ്ങളിയ വീഡിയോയും പ്രദർശിപ്പിച്ചു.മന്ത്രി വി. ശിവൻകുട്ടി ഭാര്യ ആർ. പാർവതിദേവിയ്ക്കൊപ്പമാണ് പ്രിയ സംവിധായകന്റെ ഓർമകൾ പങ്കുവയ്ക്കാൻ എത്തിയത്.
സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ശ്യാമപ്രസാദ്, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണിരാജു, അഡ്വ. വി.കെ പ്രശാന്ത്, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, മെമ്പർ സെക്രട്ടറി സി. അജോയ്, മുതിർന്ന സി.പി.എം നേതാവ് എം. വിജയകുമാർ, താരങ്ങളായ കുക്കു പരമേശ്വരൻ, ദിനേശ് പണിക്കർ, ഭാഗ്യലക്ഷ്മി, ഉമ നായർ, നിർമാതാവ് അരോമ മോഹൻ, ഛായാഗ്രാഹകന്മാരായ പ്രശാന്ത്, എസ്. കുമാർ, അഴകപ്പൻ, സൂരജ്, എസ്.പി ദീപക്, നടൻ പി. ശ്രീകുമാർ തുടങ്ങിയവരെല്ലാം പങ്കെടുത്തു. അതിഥികളെ സ്വീകരിച്ച് ഷാജി എൻ. കരുണിന്റെ ഭാര്യ അനസൂയ വാര്യരും മക്കളായ അനിലും അപ്പുവും മറ്റ് ബന്ധുക്കളും സജീവമായി ഉണ്ടായിരുന്നു. ഷാജി എൻ കരുണിന്റെ അസ്ഥി നിമഞ്ജനം മേയ് എട്ടിന് തിരുനാവായയിൽ നടക്കും.
പൂർത്തിയാക്കാതെ പോയ ഡോക്യുമെന്ററി
എം.കെ സാനുവിനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ അവസാന ഘട്ട ഒരുക്കങ്ങളിലാണ് ഷാജി എൻ. കരുൺ വിടവാങ്ങിയത്. നാലു വർഷം കൊണ്ട് ചിത്രീകരിച്ച ഡോക്യുമെന്ററിയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയായിരുന്നു. സന്തത സഹചാരിയായ അജേഷ് വേണുഗോപാലിനായിരുന്നു ചുമതല നൽകിയിരുന്നത്.
ബാക്കിയുള്ള ജോലികൾ പൂർത്തിയാക്കി ഡോക്യുമെന്ററി എത്രയും വേഗം പ്രദർശനത്തിന് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഷാജി എൻ. കരുണിന്റെ സഹപ്രവർത്തകർ. പദ്മരാജന്റെ ‘മഞ്ഞുകാലം നോറ്റ കുതിര’ എന്ന നോവൽ സിനിമയാക്കാനുള്ള പ്രാഥമിക ഘട്ട ചർച്ചകളും ഷാജി എൻ. കരുൺ നടത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.