ഉദ്യോഗസ്ഥർ മാളങ്ങളിൽ; ജനത്തിന്റെ വയർ പഞ്ചറാകുന്നു
text_fieldsതിരുവനന്തപുരം: നഗരത്തിൽ കൂണുപോലെ അനധികൃത ഭക്ഷണകേന്ദ്രങ്ങൾ മുളച്ചുപൊന്തിയിട്ടും നടപടിയെടുക്കാതെ അധികാരികൾ. തട്ടുകടകളിലടക്കം ഭക്ഷ്യ സുരക്ഷ വകുപ്പിന്റെയും തിരുവനന്തപുരം കോർപറേഷന്റെയും പരിശോധനകൾ വഴിപാടായതോടെ പലയിടങ്ങളിലും വിളമ്പുന്നത് പഴകിയ ഭക്ഷണം. ദിവസങ്ങൾക്ക് മുമ്പ് മണക്കാടുള്ള പ്രമുഖ ഹോട്ടലിലെ ഭക്ഷണം കഴിച്ച് 30ഓളം പേരാണ് ആശുപത്രിയിലായത്.
മുൻകാലങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പ്രത്യേക പരിശോധനക്ക് ഭക്ഷ്യസുരക്ഷ വകുപ്പോ തിരുവനന്തപുരം കോർപറേഷന്റെ ആരോഗ്യവിഭാഗമോ മുൻകൈ എടുക്കാറുണ്ടെങ്കിലും ഇത്തവണ മുതലാളിമാരെ പിണക്കാതിരിക്കാൻ അതും വേണ്ടെന്ന നിലപാടിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും.നഗരത്തിൽ വിദ്യാർഥികളടക്കം നല്ലൊരു ശതമാനം പേരും ആശ്രയിക്കുന്നത് തട്ടുകടളെയാണ്.
മറ്റ് ജില്ലകളിൽ നിന്ന് മത്സരപരീക്ഷ പരിശീലനത്തിനും മറ്റുമായി എത്തുന്ന വിദ്യാർഥികളെ ലക്ഷ്യമിട്ട് നിരവധി തട്ടുകടകളാണ് നഗരത്തിൽ തുറന്നിട്ടുള്ളത്. സംസ്ഥാനത്ത് ഹോട്ടൽ ജീവനക്കാർക്ക് ആരോഗ്യവകുപ്പ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും നഗരത്തിലെ ഭൂരിഭാഗം തട്ടുകട ജീവനക്കാർക്കും ഹെൽത്ത് കാർഡ് ഇല്ല.
കോർപറേഷന്റെ സർക്കിളുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന നിലച്ചിട്ട് മാസങ്ങളായി. ചില സർക്കിളുകളിൽ കോർപറേഷന്റെ ഹെൽത്ത് വിഭാഗം ജീവനക്കാർ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്താൽ ഭരണസമിതി തലത്തിൽ തന്നെ അത് ഒതുക്കി തീർക്കുകയാണ് പതിവ്.
ഇതുകാരണം ഉദ്യോഗസ്ഥർക്കും പരിശോധനക്ക് താൽപര്യമില്ല. സ്ഥാപനങ്ങൾക്ക് പുറമെ നഗരത്തിൽ നിരവധി ഹോം സ്റ്റേകളാണ് പ്രവർത്തിക്കുന്നത്. ഇവയിൽ നല്ലൊരു ശതമാനവും ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവയാണ്. ഹോം സ്റ്റേകളിലും, ഹോസ്റ്റലുകളിലും ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്ന പരാതി വ്യാപകമാണ്. ഇത്തരം കേന്ദ്രങ്ങളിലും പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷ വകുപ്പ് തയ്യാറാകുന്നില്ല.
ഭക്ഷണം നൽകുന്ന സ്ഥാപനങ്ങളിൽ ജലം ശുദ്ധീകരിച്ച് നൽകണമെന്നും അത് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും ചട്ടം ഉണ്ടെങ്കിലും നഗരത്തിലെ പല തട്ടുകടകളിലും ഇത് പാലിക്കുന്നില്ല. തട്ടുകടകളിലെ മാലിന്യം സംസ്കരണവും തോന്നുംപടിയാണ്.
ഭക്ഷണ അവശിഷ്ടങ്ങൾ നഗരത്തിലെ പലകേന്ദ്രങ്ങളിലും രാത്രികാലങ്ങലിൽ നിക്ഷേപിക്കുകയാണ് പതിവ്. നേരത്തെ ഇത്തരം മാലിന്യം തള്ളൽ തടയാൻ കോർപറേഷന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് പ്രവർത്തിച്ചിരുന്നെങ്കിലും ഇവ നിർജീവമായിട്ട് കാലങ്ങളേറെയായി.
ഓഫിസ് സമയം കഴിഞ്ഞ് ഉദ്യോഗസ്ഥർ പോയി രാത്രി ഏഴോടെയാണ് നഗരത്തിൽ തട്ടുകടകൾ തുറക്കുന്നത്. രാത്രിയും പരിശോധന നടത്തിയാലേ മായം ചേർക്കലും മറ്റും കൃത്യമായി കണ്ടെത്താനാവൂ. ഭക്ഷ്യസുരക്ഷാ ലൈസൻസ് നേടിയ തട്ടുകടകൾ നഗരത്തിൽ ചുരുക്കമാണ്.
100 കിലോയിൽ ദിവസേന മാലിന്യമുണ്ടായാൽ സ്ഥപാനങ്ങൾ മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നാണ് ചട്ടം .എന്നാൽ പല പ്രമുഖ ഹോട്ടൽ സ്ഥാപനങ്ങളും അത് പാലിച്ചിട്ടില്ല. പലരും അനധികൃത സ്വകാര്യ ഏജൻസികൾക്കാണ് മാലിന്യം നൽകുന്നത്.അനധികൃത ഏജൻസികളെ തടയിടാനും ഏജൻസികളെടുക്കുന്ന മാലിന്യം നിക്ഷേപിക്കുന്നത് എവിടെയാണെന്ന് നിരീക്ഷിക്കുന്നതിലും കോർപറേഷനും താൽപര്യം കാണിക്കുന്നില്ല. പാചകത്തിന് ഉപയോഗിക്കുന്ന പഴകിയ എണ്ണ നഗരത്തിലെ ഓടകളിലും തോടുകളിലും നിക്ഷേപിക്കുന്ന പ്രവണതയും വർധിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.