വീടിന്റെ മേൽക്കൂര കാറ്റിൽപറന്ന് റോഡിൽ പതിച്ചു; തീരദേശപാതയിൽ ഗതാഗത തടസ്സം
text_fieldsചിറയിൻകീഴ്: വീടിന്റെ മേൽക്കൂര കാറ്റിൽ പറന്ന് റോഡിൽ പതിച്ചു; തീരദേശപാതയിൽ ഗതാഗത തടസ്സം. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. തീരദേശപാതയിൽ പെരുമാതുറ പെട്രോൾ പമ്പിന് സമീപമാണ് അപകടം. പെരുമാതുറ ഊട്ടുവിളാകം സീന റഷീദിന്റെ ഇരുനില വീടിന്റെ ഇരുമ്പ് ഷീറ്റിട്ട മേൽക്കൂരയാണ് ശക്തമായ കാറ്റിൽ റോഡിലേക്ക് പറന്നുവീണത്. സമീപത്തെ മാടൻവിള സ്വദേശി ഷാനവാസിന്റെ പച്ചക്കറിക്കടക്കും മേൽക്കൂര വീണ് കേടുപാടുണ്ടായി. റോഡിനും കടക്കും മുകളിലായാണ് മേൽക്കൂര വന്നു വീണത്.
സാധാരണ ജനത്തിരക്കുണ്ടാകാറുണ്ടെങ്കിലും രാവിലെ മഴയായതിനാൽ നാമമാത്രമായ ആൾക്കാർ മാത്രമേ ഈ ഭാഗത്തുണ്ടായിരുന്നുള്ളൂ. കടയിൽ സാധനം വാങ്ങാനെത്തിയയാളും കൂടെയുണ്ടായിരുന്ന കുട്ടിയും ശബ്ദം കേട്ട് കടക്കകത്തേക്ക് കയറിയതിനാൽ അപകടം ഒഴിവായി. റോഡിൽ ഈ സമയം ഇതരവാഹനങ്ങളും ഇല്ലായിരുന്നു
നാട്ടുകാർ അറിയിച്ചതനുസരിച്ച് കഴക്കൂട്ടം, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി മേൽക്കൂര മുറിച്ചുനീക്കി പതിനൊന്ന് മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. സ്റ്റേഷൻ ഓഫിസർ അഖിൽ എസ്.ബി, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അനീഷ്.ആർ എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസംഘമാണ് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഷീറ്റും ഇരുമ്പ് പൈപ്പുകളും മുറിച്ചുമാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

