വീട്ടമ്മയെ പീഡിപ്പിച്ച പൂജാരിക്ക് ഏഴ് വർഷം കഠിനതടവ്
text_fieldsതിരുവനന്തപുരം: ഭർത്താവിന്‍റെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ച പൂജാരിക്ക് ഏഴ് വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ. പട്ടികജാതി-വർഗ പീഡന നിരോധന പ്രത്യേക കോടതി ജഡ്ജി എ. ഷാജഹാനാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം. ആലപ്പുഴ ഏഴുപുന്ന പുതുകുളങ്ങര ദുർഗാദേവി ക്ഷേത്രത്തിന് സമീപത്തു നിന്നും ഇടവ വെൺകുളം മേക്കുളം വൈകുണ്ഠം വീട്ടിൽ താമസിക്കുന്ന രാജേഷിനെയാണ് കോടതി ശിക്ഷിച്ചത്.
2016 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവിനെ ബാധിച്ച ദുഷ്ടശക്തികളെ ഒഴിപ്പിക്കാൻ പ്രത്യേക പൂജകൾ നടത്തണമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയെ ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വെൺകുളം ശ്രീ വനമൂർത്തി ബാലഭദ്രദേവി ക്ഷേത്രത്തിലെ സ്റ്റോർ റൂമിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് പ്രോസിക്യൂഷൻ കേസ്. രണ്ടാഴ്ചയോളം പല ദിവസങ്ങളിലായി പീഡനം തുടർന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

