റെയിൽവേ സ്റ്റേഷനുകൾ ഇനി ‘മൊബൈൽ വീൽ ചെയർ റാമ്പ് ’
text_fieldsതിരുവനന്തപുരം: സ്റ്റേഷനുകൾക്കുള്ളിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും സൗകര്യപ്രദമായ യാത്രക്കായി പ്രത്യേകം രൂപകൽപന ചെയ്ത വീൽ ചെയറുകളും മൊബൈൽ വീൽ ചെയർ റാമ്പുകളും സജ്ജം. സ്വർഗ ഫൗണ്ടേഷൻ, പാലിയം ഇന്ത്യ, കെയർ ആന്റ് എന്നീ എൻ.ജി.ഒകളുമായി സഹകരിച്ചാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ‘പ്രൊജക്റ്റ് സുഗമ്യ’’ എന്ന പേരിൽ പദ്ധതി യാഥാർഥ്യമാക്കിയിരിക്കുന്നത്.
വീൽ ചെയറുകൾ നിലവിൽ സ്റ്റേഷനുകളിലുണ്ടെങ്കിലും ഭിന്നശേഷിക്കാരെയും മറ്റും ട്രെയിനിലേക്ക് കയറ്റുന്നത് ഇവ എടുത്തുയർത്തിയാണ്. പോർട്ടബിൾ റാമ്പുകൾ എത്തിയതോടെ ഈ പരിമിതി മാറും. പ്ലാറ്റ്ഫോമിൽ നിന്ന് കാമ്പാർട്ട്മെന്റിന്റെ വാതിലിലേക്ക് താത്കാലികമായി ഘടിപ്പിക്കാമെന്നതാൽ ഈ റാമ്പിലൂടെ സുഗമമായി യാത്രക്കാരനെ ട്രെയിനിലുള്ളിൽ എത്തിക്കാം.
സ്റ്റേഷൻ പരിസരത്തും കോച്ചുകൾക്കുള്ളിലും തടസ്സങ്ങളില്ലാതെ സഞ്ചരിക്കാൻ സഹായിക്കും വിധമുള്ളതാണ് വീൽചെയറുകളുടെ രൂപകൽപ്പന. 15 മൊബൈൽ റാമ്പുകളും പ്രത്യേകം രൂപകൽപന ചെയ്ത 15 വീൽചെയറുകളുമാണ് റെയിൽവേയ്ക്ക് ലഭിച്ചത്. ഇവ 15 സ്റ്റേഷനുകൾക്കായി കൈമാറും.
തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ഡോ. മനീഷ് തപൽയാൽ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്വർഗ ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റി ജെ. സ്വർണ്ണലത, സീനിയർ ഡിവിഷണൽ ഓപ്പറേറ്റിംഗ് മാനേജർ എ.വിജുവിൻ , സീനിയർ ഡിവിഷണൽ പേഴ്സണൽ ഓഫീസർ എം.പി ലിപിൻ രാജ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

