പകർച്ചവ്യാധി പ്രതിരോധം; ഡ്രൈ ഡേ ആചരണം കർശനമാക്കും
text_fieldsതീപിടുത്തത്തിൽ ആനയറയിലെ ഫർണിച്ചർ കട കത്തിനശിച്ച നിലയിൽ
തിരുവനന്തപുരം: ജില്ലയിൽ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഡ്രൈ ഡേ ആചരണം കർശനമാക്കുന്നതിനും ഹോട്ട് സ്പോട്ടുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നിർദേശം നൽകി കലക്ടർ അനുകുമാരി. പകർച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കലക്ടറുടെ അധ്യക്ഷതയിൽ ജില്ലതല പകർച്ചവ്യാധി പ്രതിരോധ അവലോകനയോഗം ചേർന്നു. പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങളിൽ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും കൊതുകിന്റെ ഉറവിടം യഥാസമയം നശിപ്പിച്ച് പ്രതിരോധത്തിനായി എല്ലാവരും പരിശ്രമിക്കണമെന്നും കലക്ടർ പറഞ്ഞു. സ്കൂളുകളിലും ഓഫിസുകളിലുമുൾപ്പെടെ ഡ്രൈ ഡേ നിർബന്ധമായും നിരീക്ഷിക്കുന്നതിനും നിർദേശം നൽകി.
പകർച്ചവ്യാധി പ്രതിരോധനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ 1260 ക്ലീനിങ് ഡ്രൈവുകൾ നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. 390 കുളങ്ങൾ വൃത്തിയാക്കി. മൂന്ന് ലക്ഷത്തോളം വരുന്ന കിണറുകളിൽ ക്ലോറിനേഷൻ ചെയ്തു. മാലിന്യസംസ്കരണത്തിൽ വീഴ്ച വരുത്തുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക സ്ക്വാഡ് പരിശോധന കർശനമാക്കി.
ആമയിഴഞ്ചാൻ തോട് ഉൾപ്പെടെ വൃത്തിയാക്കുന്നതിന് കോർപറേഷന്റെ നേതൃത്വത്തിൽ ഏഴ് സ്ക്വാഡുകളേയും 10 സ്പെഷൽ സ്ക്വാഡുകളേയും വിന്യസിച്ചു. 1076 ഓടകളിൽ 108 എണ്ണം ഒഴികെ ബാക്കിയെല്ലാം വൃത്തിയാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
പ്ലാന്റ് നഴ്സറികൾ, റബർത്തോട്ടങ്ങൾ, കൈതച്ചക്കത്തോട്ടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് പൂർണമായും ഒഴിവാക്കുന്നതിനും അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
അംഗൻവാടികളിലും സ്കൂളുകളിലും ഹാൻഡ് വാഷ് ഉപയോഗം നിർബന്ധമാക്കും. സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ അനാഥാലയങ്ങൾ, ജുവനൈൽ ഹോമുകൾ എന്നിവിടങ്ങളിൽ മുൻകരുതൽ നടപടി കൂടുതൽ കാര്യക്ഷമമാക്കും.
ട്രോളിങ് നിരോധനമായതിനാൽ കടൽ തീരത്ത് കയറ്റിയിട്ടിരിക്കുന്ന ബോട്ടുകളിൽ വെള്ളം കെട്ടികിടക്കാൻ സാധ്യതയുള്ളതിനാൽ ഒഴിവാക്കുന്നതിന് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ബോധവത്കരണം നൽകും.
കലക്ടറേറ്റ് അങ്കണത്തിൽ ജില്ലതല ഡ്രൈ ഡേ ആചരണം കലക്ടർ ഉദ്ഘാടനം ചെയ്തു. സബ് കലക്ടർ ഒ.വി. ആൽഫ്രഡ്, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ബിന്ദു മോഹൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

