പോത്തൻകോട് കൊലക്കേസ് ; 11 പ്രതികൾക്കും ജീവപര്യന്തം
text_fields1.പ്രോസിക്യൂട്ടർ ഗീനാകുമാരി, 2. സുധീഷിന്റെ അമ്മ ലീല, 3. അന്വേഷണ ഉദ്യോഗസ്ഥൻ ശ്യാം കെ
നെടുമങ്ങാട്: പോത്തൻകോട്ട് ഗുണ്ടാപകയുടെ പേരിൽ സുധീഷിനെ വെട്ടിക്കൊലപ്പെടുത്തി കാൽ മുറിച്ച് റോഡിലെറിഞ്ഞ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 11 പ്രതികൾക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. നെടുമങ്ങാട് പട്ടികജാതി-വർഗ സ്പെഷൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഉണ്ണിയെന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നീ പ്രതികൾക്ക് ജീവപര്യന്തത്തിന് പുറമെ ഓരോരുത്തരും വിവിധ കുറ്റങ്ങളിലായി 23,000 രൂപ പിഴയും നൽകണം.
പിഴത്തുകയിൽനിന്ന് ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട സുധീഷിന്റെ മാതാവ് ലീലക്ക് നൽകാനും ജഡ്ജി എ. ഷാജഹാന്റെ വിധിന്യായതിൽ പറയുന്നു. ഒന്നു മുതൽ മൂന്നുവരെ പ്രതികൾ ആയുധം ഉപയോഗിച്ചതായി കണ്ടെത്തിയ കോടതി, ഗൂഢാലോചന നടത്തിയതായി പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമം എല്ലാ പ്രതികൾക്കുമെതിരെ നിലനിൽക്കില്ലെന്നും നിരീക്ഷിച്ചു. ഒന്നും മൂന്നും പ്രതികൾ നിരവധി കേസുകളിൽ പ്രതികളായതിനാൽ ഇവർക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി നിരസിച്ചു.
2021 ഡിസംബർ 11നാണ് കോളിളക്കം സൃഷ്ടിച്ച കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഊരുപൊയ്ക മങ്ങാട്ടുമൂല സ്വദേശികളായ വിഷ്ണു, അഖിൽ എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷ് (35). ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന സുധീഷിനെ കല്ലൂരിലെ സജീവിന്റെ വീട്ടിലാണ് ഗുണ്ടാസംഘം കൊലപ്പെടുത്തിയത്.
മൂന്ന് കുട്ടികളുടെയും വീട്ടുടമസ്ഥന്റെയും മുന്നിൽവെച്ചായിരുന്നു കൃത്യം. ചുറ്റുമുള്ള നാലു വീടുകളിൽ സംഘം അക്രമം അഴിച്ചുവിട്ടു. വീടുകളുടെ ജനാലകൾ തല്ലിപ്പൊളിക്കുകയും സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ വാൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒന്നാംപ്രതി മഴു ഉപയോഗിച്ച് സുധീഷിന്റെ വലതുകാൽ മുട്ടിനു താഴെവെച്ച് വെട്ടിയെടുത്ത് നാട്ടുകാരെയും വീട്ടുകാരെയും കാണിച്ച് ബൈക്കിൽ കയറി കല്ലൂർ ജങ്ഷനിൽ കൊണ്ടുവന്ന് റോഡിൽ എറിയുകയായിരുന്നു.
എല്ലാ പ്രതികൾക്കും ശിക്ഷ വാങ്ങി നൽകാനായി
പോത്തൻകോട് സുധീഷ് വധക്കേസിലെ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വാങ്ങി നൽകാനായതിൽ സംതൃപ്തിയുണ്ടെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഗീനാകുമാരി പറഞ്ഞു. നിരവധി ദൃക്സാക്ഷികൾ ഉണ്ടായിരുന്നിട്ടും കോടതിയിൽ സാക്ഷി പറയാൻ ആരും മുന്നോട്ടുവന്നില്ല. പ്രോസിക്യൂഷൻ നൽകിയ ഏഴ് സാക്ഷികളിൽ ഒരാൾ മാത്രമാണ് ഭാഗീകമായെങ്കിലും മൊഴി നൽകിയത്. സാക്ഷികളെ ഭീക്ഷണിപ്പെടുത്തി പിന്മാറ്റി കേസിൽനിന്ന് രക്ഷപ്പെട്ടിരുന്ന പ്രതികൾക്ക് ഇപ്പോൾ കിട്ടിയ ശിക്ഷ സമൂഹത്തിന് നൽകുന്നത് വലിയ സന്ദേശമാണെന്നും അവർ പറഞ്ഞു.
വധശിക്ഷ നൽകണമായിരുന്നു
കേസിലെ പ്രതികൾക്ക് വധ ശിക്ഷ ലഭിക്കണമായിരുന്നെന്ന് കൊല്ലപ്പെട്ട സുധീഷിന്റെ അമ്മ ലീല പറഞ്ഞു. കോടതി വിധി കേട്ടശേഷം മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടികരഞ്ഞുകൊണ്ടാണ് പ്രതികരിച്ചത്. സുധീഷിന്റെ 13 മത്തെ വയസിൽ പിതാവ് മരിച്ചശേഷം താൻ ചാണകം ചുമന്നാണ് വളർത്തിയത്. തന്റെ ദുഃഖം പ്രതികളുടെ രക്ഷിതാക്കളും അനുഭവിക്കണമായിരുന്നെന്നും അവർ പറഞ്ഞു.
വിധിയിൽ സംതൃപ്തി
മുഴുവൻ പ്രതികൾക്കും ശിക്ഷവാങ്ങി നൽകാൻ കഴിഞ്ഞതിൽ അന്വഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സംതൃപ്തിയുണ്ടെന്നു പോത്തൻകോട് ഇൻസ്പെക്ടർ ശ്യാം പറഞ്ഞു. അന്വേഷണം വേഗം പൂർത്തിയാക്കി 88ാം ദിവസം കുറ്റപത്രം സമർപ്പിച്ചു. പ്രതികൾക്കായുള്ള തിരച്ചിലിനിടയിൽ കടയ്ക്കാവൂരിലെ വക്കം പണയിൽ കടവിന് സമീപമുള്ള കായൽ തുരുത്തിൽ വർക്കല സി.ഐ പ്രശാന്തിന്റെ സംഘത്തിലുണ്ടായിരുന്ന ബാലു എന്ന പൊലീസുകാരൻ വള്ളം മറിഞ്ഞ് മുങ്ങിമരിച്ചത് നൊമ്പരമായി അവശേഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

