പാളയം കണ്ണിമേറ മാർക്കറ്റ് നവീകരണം; കച്ചവടക്കാരെ ഒഴിപ്പിക്കാൻ വീണ്ടും ശ്രമം
text_fieldsതിരുവനന്തപുരം: നവീകരണത്തിന്റെ പേരിൽ പാളയം കണ്ണിമേറ മാർക്കറ്റിലെ കച്ചവടക്കാരെ ഒഴിപ്പിക്കാൻ വീണ്ടും കോർപറേഷന്റെ ശ്രമം. ശനിയാഴ്ച രാവിലെ 11 ഓടെ പൊലീസിനെയും കൂട്ടിയാണ് കോർപറേഷൻ ഉദ്യോഗസ്ഥർ ഒഴിപ്പിക്കലിനായി മാർക്കറ്റിൽ എത്തിയത്. പ്രധാന കവാടത്തിന് സമീപത്തായുള്ള കടകൾ ഒഴിപ്പിക്കാനുള്ള ശ്രമമറിഞ്ഞ് വ്യാപാരികൾ സംഘടിച്ചെങ്കിലും പൊലീസോ കോർപറേഷൻ ഉദ്യോഗസ്ഥരോ മുമ്പത്തെപോലെ ബലപ്രയോഗത്തിന് തുനിഞ്ഞില്ല.
പകരം കടകൾ സ്വമേധയാ രണ്ട് ദിവസത്തിനകം ഒഴിഞ്ഞുകൊള്ളാമെന്ന സമ്മതപത്രം കച്ചവടക്കാരിൽനിന്ന് ഒപ്പിട്ടു വാങ്ങി ഉദ്യോഗസ്ഥർ മടങ്ങി. കരാറിൽ ഏർപ്പെട്ട് നാലുവർഷം പിന്നിട്ടിട്ടും കണ്ണിമേറ മാർക്കറ്റിന്റെ പുനർനിർമാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. അതിനുപിന്നാലെയാണ് നിർമാണപ്രവർത്തനം ഏറ്റെടുത്ത കമ്പനി പിൻവാങ്ങിയെന്ന വാർത്തകൾ പുറത്തുവന്നത്. നിലവിലെ ഫണ്ട് പുനർനിർമാണത്തിന് മതിയാകില്ലെന്ന് പറഞ്ഞാണ് കമ്പനി പിൻവാങ്ങിയത്.
ടെൻഡർനിരക്ക് കൂട്ടിനൽകി കരാർ പുതുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കട ഒഴിപ്പിക്കലിനായി കോർപറേഷൻ വീണ്ടും മുതിർന്നത്. പുനരവധിവാസത്തിനായി നിർമിച്ച കെട്ടിടം അസൗകര്യങ്ങളാൽ നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി സ്ഥലത്തെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തുണ്ട്.
നടക്കുന്നത് കോർപറേഷന്റെ ഗുണ്ടായിസം -എസ്.എസ്. മനോജ്
പാളയം കണ്ണിമേറ മാർക്കറ്റിൽ നടക്കുന്നത് പൊലീസിന്റെ സാന്നിധ്യത്തിലുള്ള കോർപറേഷന്റെ അധികാരഗുണ്ടായിസമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റും കോൺഫെഡറേഷൻ ഒാഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ്.
നിലവിൽ കരാർ ഇല്ലാത്ത പദ്ധതിയുടെ പേരിൽ ഹൈകോടതി നിർദേശം ലംഘിച്ചും വ്യാപാരികളെയും പൊതുജനങ്ങളെയും വെല്ലുവിളിച്ചുമുള്ള നടപടിയാണ് കോർപറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കുന്നത്. വ്യാപാരികളെ ഭയപ്പെടുത്തി സ്വമേധയാ ഒഴിയുകയാണെന്ന രേഖയുണ്ടാക്കി മാർക്കറ്റിൽനിന്ന് ഒഴിയാൻ നിർബന്ധിതരാക്കിയ നടപടി ഹൈകോടതി നിർദേശത്തിന്റെ പരസ്യലംഘനമാണ്. ഇതിനെതിരെ ശക്തമായ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈകോടതി ആവശ്യപ്പെട്ട റിപ്പോർട്ടുകൾ കോർപറേഷൻ സെക്രട്ടറി ഇതുവരെ കോടതിയിൽ സമർപ്പിച്ചിട്ടില്ല. ജൂലൈ ഒന്നിന് കോടതിയലക്ഷ്യ ഹരജി വാദം കേൾക്കാനിരിക്കെയാണ് സെക്രട്ടറിയുടെ ഈ നിയമവിരുദ്ധ നടപടിയെന്നും പാളയം മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ഡി. വിദ്യാധരൻ, രാജൻ. പി. നായർ, ജെ. റജാസ്, എസ്. ഷഹാബുദ്ദീൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

