ഓണ്‍ലൈന്‍ ട്രേഡിങ്: അഭിഭാഷകനില്‍നിന്നും 34 ലക്ഷം രൂപ തട്ടിയെന്ന് പരാതി
text_fieldsവഞ്ചിയൂര്‍: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ അഭിഭാഷകനില്‍ നിന്നും 34 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം പാറ്റൂര്‍ ഇ.എം.എസ് നഗറില്‍ വാടകക്ക്താമസിക്കുന്ന സഞ്ജയ് വര്‍മയാണ് വഞ്ചിയൂര്‍ പൊലീസില്‍ ശനിയാഴ്ച വൈകിട്ടോടെ പരാതി നല്‍കിയത്. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ശബരിനാഥിനെതിരെയാണ് പരാതി. ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ തന്റെ കൈയില്‍ നിന്നും 34 ലക്ഷം രൂപ തട്ടിയെടുത്ത് വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
2024 ജനുവരി മുതല്‍ പല തവണകളായി പണം വാങ്ങിയെടുക്കുകയായിരുന്നു. കമ്പനി തുടങ്ങിയതുമുതല്‍ ലാഭം നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ നാളിതുവരെ ലാഭമോ നല്കിയ പണമോ നല്‍കാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. നിലവില്‍ ഒമ്പത് കേസുകളില്‍ വിചാരണ നേരിടുന്ന വ്യക്തിയാണ് ശബരിനാഥ്. മറ്റ് കേസുകളുമായി ബന്ധപ്പെട്ട് കോടതിയില്‍ വിചാരണക്ക് വന്നപ്പോഴാണ് ശബരിനാഥും സഞ്ജയ് വര്‍മയും പരിചയത്തിലാകുന്നത്.
ഇരട്ടിലാഭം വാഗ്ദാനം ചെയ്താണ് ശബരിനാഥ് അഭിഭാഷകനില്‍നിന്നും പണം തട്ടിയത്. സുഹൃത്തുക്കളായ മറ്റ് പലരില്നിന്നുമാണ് സഞ്ജയ് വര്‍മ 34 ലക്ഷം രൂപ സ്വരൂപിച്ചത്. എന്നാല്‍ സ്വരൂപിച്ച 75 ലക്ഷത്തോളം രൂപ നഷ്ടമായതായും വ്യക്തമായ തെളിവില്ലാത്തതിനാലാണ് 34 ലക്ഷത്തിനുമാത്രം പരാതി നല്‍കിയതെന്നുമാണ് സൂചനകള്‍ ലഭിക്കുന്നത്. അഭിഭാഷകന് നല്കിയ പരാതിയില്‍ കേസെടുത്ത പൊലീസ് ശബരിനാഥിനായുളള അന്വേഷണം ആരംഭിച്ചു. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും തട്ടിപ്പുമായി ശബരിനാഥ് രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

