ചാത്തന്നൂർ: ദേശീയപാത വികസനത്തിന് മുന്നോടിയായി ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. ഭൂമി ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറിയ വസ്തുവിലെ കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റുന്നത്.
കാവനാട്-കടമ്പാട്ടുകോണം റീച്ചിലെ ചാത്തന്നൂർ പൊലീസ് സ്റ്റേഷന് സമീപമുള്ള ഭൂമികളിലെ മതിലുകൾ ആദ്യ ദിനം പൊളിച്ചു. ഏറ്റെടുത്ത ഭൂമിയിൽ ആളുകൾ ഒഴിഞ്ഞുപോയതും മറ്റ് തടസ്സങ്ങളില്ലാത്ത കെട്ടിടങ്ങളുമാണ് പൊളിക്കുന്നത്. കാവനാട് മുതൽ കടമ്പാട്ടുകോണം വരെ 32 കിലോമീറ്റർ ദൂരത്തിൽ 27 ഹെക്ടർ സ്ഥലമാണ് വികസനത്തിനായി ഏറ്റെടുക്കുന്നത്. ഇതിൽ 140 പേരിൽ നിന്നായി രണ്ട് ഹെക്ടർ സ്ഥലം ഇതുവരെ ഏറ്റെടുത്ത് കൈമാറി. ഡൽഹി ആസ്ഥാനമായ ശിവാലയ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ഇൗ റീച്ചിലെ നിർമാണ ചുമതല. നഷ്്ടപരിഹാര തുക വിതരണം ചെയ്യുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് ഭൂമി ഏറ്റെടുക്കൽ ഡെപ്യൂട്ടി കലക്ടർ ജി.ബി. രാധാകൃഷ്ണൻ അറിയിച്ചു.
തുക ലഭിച്ചവർക്ക് കെട്ടിടങ്ങൾ സ്വന്തമായി പൊളിക്കാം. കെട്ടിടങ്ങൾ നിർമിച്ച കല്ല്, കട്ട, കതക്, ജനൽ, കട്ടിളകൾ എന്നീ വസ്തുക്കളും അവർക്ക് എടുക്കാം. ദേശീയപാത അതോറിറ്റി പൊളിച്ചുമാറ്റുകയാണെങ്കിൽ ആറ് ശതമാനം തുക ഈടാക്കും. ഈ തുക കുറച്ചാണ് നഷ്ടപരിഹാരമായി നൽകുന്നത്. മരങ്ങൾ ഉടമസ്ഥർക്ക് മുറിച്ചുമാറ്റാൻ അവകാശമില്ല. ചാത്തന്നൂരിൽ നടന്ന പൊളിച്ചുമാറ്റലിന് ഡെപ്യൂട്ടി കലക്ടർ ജി.ബി. രാധാകൃഷ്ണൻ, സ്പെഷൽ തഹസിൽദാർ പി.എം. ജയപ്രകാശ്, ഡെപ്യൂട്ടി തഹസിൽദാർ ഉണ്ണികൃഷ്ണപിള്ള, ദേശീയപാത അതോറിറ്റി ലെയ്സൺ ഓഫിസർ എം.കെ. റഹ്മാൻ, സർവേയർമാരായ രാജശ്രീ പ്രസാദ്, ശ്യാംലാൽ എന്നിവർ നേതൃത്വം നൽകി.