ടെറസിൽ കഞ്ചാവുചെടി നട്ടുവളർത്തിയയാൾ പിടിയിൽ
text_fieldsനേമം: വീടിന്റെ ടെറസിൽ കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ. വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ നൂലിയോട് കൊങ്ങപ്പള്ളി സംഗീതാലയത്തിൽ ഉണ്ണി എന്ന രഞ്ജിത്ത് ആണ് (33) പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നൂലിയോടുള്ള വീട്ടിൽ പൊലീസും ഷാഡോ ടീമും സംയുക്തമായി പരിശോധന നടത്തിയത്. ടെറസിൽ നട്ടുപിടിപ്പിച്ചിരുന്ന 18 കഞ്ചാവുചെടികളാണ് പിടിച്ചെടുത്തത്.
ഒന്നരമാസം മുമ്പ് ഒരു സുഹൃത്ത് മുഖേനയാണ് കഞ്ചാവ് ചെടികൾ എത്തിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇയാൾക്കെതിരെ വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ മുമ്പ് അടിപിടി കേസ് ഉണ്ടായിരുന്നു. വിളപ്പിൽശാല സി.ഐ എൻ. സുരേഷ് കുമാറും സംഘവും ഷാഡോ ടീമും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.