പാരീസ് റോഡിൽ മാലിന്യ നിക്ഷേപം: ദുർഗന്ധത്താൽ വലഞ്ഞ് കാൽനടക്കാർ
text_fieldsപാരീസ് റോഡിലെ മാലിന്യ നിക്ഷേപം
നേമം: പാരീസ് റോഡിലെ മാലിന്യനിക്ഷേപത്തിൽ പൊറുതിമുട്ടി കാൽനടക്കാരും വാഹന യാത്രികരും. ഒരാഴ്ച മുമ്പാണ് പാരീസ് റോഡിൽ സ്ലാബ് മൂടിയ ഓടയ്ക്കു മുകളിൽ മാലിന്യ നിക്ഷേപം വ്യാപകമായത്. മത്സ്യമാംസ അവശിഷ്ടങ്ങളും മറ്റും പ്ലാസ്റ്റിക് കവറുകളിലാക്കി നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇവിടെ സി.സി ടി.വി കാമറ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെയും നടപടിയില്ല.
രാത്രിയിൽ പിക്-അപ് ഓട്ടോകളിലും സവാരി ഓട്ടോകളിലും എത്തി മാലിന്യം നിക്ഷേപിച്ച് കടക്കുകയാണ് ചെയ്യുന്നത്. ഇതോടെ പ്രദേശത്ത് തെരുവുനായ് ശല്യവും വർധിച്ചിട്ടുണ്ട്. നഗരസഭാ തൊഴിലാളികൾ വിവിധ സ്ഥലങ്ങളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം ഈ ഭാഗത്ത് തൽക്കാലത്തേക്ക് സുരക്ഷിതമായി വെക്കുന്നുണ്ട്. ഇവ തിരികെ കൊണ്ടുപോകാത്തതിനാൽ ഇതുവഴി പോകുന്ന വാഹന യാത്രികരും മാലിന്യം നിക്ഷേപിച്ച് കടക്കുകയാണ് ചെയ്യുന്നത്. പാരീസ് റോഡിലെ മാലിന്യനിക്ഷേപം സംബന്ധിച്ച് ‘മാധ്യമം’ മുമ്പ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാർഡ് കൗൺസിലർ പാളയം രാജൻ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടുകയും മാലിന്യ നിക്ഷേപം നീക്കുകയും ചെയ്തിരുന്നു.