പ്ലാസ്റ്റിക് കവറുകളിലും കപ്പുകളിലും ഭക്ഷണം; പിടിച്ചെടുത്ത് നഗരസഭ
text_fieldsവർക്കല: വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ഹോട്ടലുകളിൽ നിന്ന് നഗരസഭ ആരോഗ്യവിഭാഗം പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. വർക്കല നഗരസഭയുടെ ആരോഗ്യവിഭാഗം കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയിലാണ് സ്റ്റാർ ഹോട്ടലിൽ നിന്നടക്കം പഴകിയ ഭക്ഷണവും മത്സ്യവും ഇറച്ചിയുമടക്കം പിടികൂടിയത്. പഴകിയ ഭക്ഷണം പ്രദർശിപ്പിച്ചതിനും സൂക്ഷിച്ചതിനും ആകെ 90,000 രൂപ പിഴ ചുമത്തി. ഇതിൽ 30,000 രൂപ സംഭവസ്ഥലത്ത് വെച്ച് തന്നെ ഈടാക്കുകയും ചെയ്തു. ഗേറ്റ് വേ,സജോയ്സ്,ഇന്ദ്രപ്രസ്ഥ ഉൾപ്പടെ 26 പ്രമുഖ സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.
പ്ലാസ്റ്റിക് കവറുകളിലും കപ്പുകളിലും സൂക്ഷിച്ച ഭക്ഷണ സാധനങ്ങളാണ് പിടിച്ചെടുത്തവയിൽ കൂടുതലും. തയാറാക്കി വെച്ചിരുന്ന ഭക്ഷണത്തിൽ തീയതി ഉൾപ്പടെ വിവരങ്ങളും ഇല്ലായിരുന്നു. ഇറച്ചി,മത്സ്യം,കറികൾ, എണ്ണ തുടങ്ങി പിടികൂടിയ പഴകിയ ഭക്ഷണം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നഗരസഭക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ഭക്ഷ്യവിഷബാധയേറ്റ നിരവധി സംഭവങ്ങൾ ഉണ്ടായതിനാലാണ് വ്യാപക പരിശോധന നടന്നത്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ കെ.എം.ലാജി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

