അന്ന് കുടുകുടെ ചിരിപ്പിച്ചു, ഇന്ന് അയാൾ കരഞ്ഞ് തളരുന്നു; മിമിക്രി താരത്തെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സഹായംതേടുന്നു
text_fieldsസുഭാഷ് പണിക്കർ
തിരുവനന്തപുരം: 35 വർഷത്തോളം മിമിക്രി വേദികളിൽ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കലാകാരൻ തുടർ ചികിൽസയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. പെരിങ്ങമ്മല കല്ലിയൂർ മഹാത്മജി മന്ദിരത്തിൽ സുഭാഷ് പണിക്കർ (55) ആണ് ഹൃദയ ശസ്ത്രക്രിക്ക് പണമില്ലാതെ സഹായം തേടുന്നത്. ഡബ്ബിങ് ആര്ട്ടിസ്റ്റായും അഭിനേതാവായും എഴുത്തുകാരനും ഡയറക്ടറും ഒക്കെ തിളങ്ങിയിരുന്ന താരമാണ് സുഭാഷ് പണിക്കർ.
തലസ്ഥാനത്തെ നർമകല ഉൾപ്പെടെ നിരവധി മിമിക്രി സമിതികളിൽ സാന്നിധ്യമായിരുന്ന സുഭാഷ് കഴിഞ്ഞ അഞ്ച് ദിവസമായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. പൾസ് കുറയുന്നതിനെ തുടർന്ന് കാലുവഴി പേസ്മേക്കർ ഘടിപ്പിച്ചെങ്കിലും എത്രയും വേഗം ഹൃദയ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
2024 ജനുവരിയിൽ ഒരു തലവേദനയുടെ രൂപത്തിലാണ് സുഭാഷിനെ രോഗങ്ങൾ പിടികൂടിയത്. ഭീമമായ തുക ചെലവഴിച്ച് പതുക്കെപ്പതുക്കെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനിടെയാണ് മേയ് ഒന്നിന് രാത്രി പെട്ടന്ന് കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ചയുടൻ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഹൃദയ ശസ്തക്രിയയ്ക്കായി നാല് ലക്ഷം രൂപ വേണം.
ആശുപത്രി ബില്ല് പോലും പലിശയ്ക്കെടുത്ത് അടയ്ക്കുകയാണ് വീട്ടുകാർ. അച്ഛൻ കിടപ്പിലായതോടെ ബിരുദ വിദ്യാർഥിയായ മൂത്ത മകൻ ഭരത് കൃഷ്ണ ചെലവുകൾക്കായി രാത്രി ടർഫിൽ ജോലിക്ക് പോയിത്തുടങ്ങി. രണ്ടാമത്തെ മകൻ ഭഗത് കൃഷ്ണ പഠിത്തം മതിയാക്കി തുണിക്കടയിൽ ജീവനക്കാരനായി.
ഇവരുടെ തുച്ഛമായ വരുമാനത്തിലാണ് അസുഖബാധിതയായ അമ്മ സുമ ദേവിയുടെ മരുന്നടക്കമുള്ള കാര്യങ്ങൾ നോക്കുന്നതും ആശുപത്രി ചെലവ് വഹിക്കുന്നതും. ഓപ്പറേഷൻ യഥാസമയം നടത്തി മികച്ച കലാകാരനെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സുഭാഷ് പണിക്കരുടെ കുടുംബവും സുഹൃത്തുക്കളും.
സഹായത്തിന് സുമനസുള്ളവർ സുഭാഷ് പണിക്കരുടെ 9633023281എന്ന നമ്പറിലോ മകൻ ഭരത് കൃഷ്ണന്റെ 9037471052 എന്ന നമ്പറിലോ സാമ്പത്തിക സഹായങ്ങൾ ഗൂഗിൾപേ ചെയ്യാവുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.