മെഡിക്കൽ കോളജ് ആശുപത്രി: വെന്റിലേറ്റർ ലഭ്യത സുഗമമാക്കാൻ ക്രമീകരണമൊരുക്കുന്നു
text_fieldsതിരുവനന്തപുരം: സർക്കാർ- സ്വകാര്യ ആശുപത്രികളിൽനിന്ന് മുൻകൂട്ടി അറിയിക്കാതെ വെന്റിലേറ്റർ ആവശ്യമുള്ള രോഗികളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന പ്രവണത ഒരിടവേളക്കുശേഷം വീണ്ടും വർധിച്ചു. ഇതുകാരണം നിർധന രോഗികൾക്കടക്കം യഥാസമയം വെന്റിലേറ്റർ ലഭ്യമാകുന്നില്ലെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് ആശുപത്രി അധികൃതർ നടപടി തുടങ്ങി.
ഏതാനും വർഷം മുമ്പ് മുരുകൻ എന്ന രോഗി വെന്റിലേറ്റർ കിട്ടാതെ മരിച്ച സംഭവം ഏറെ വിവാദങ്ങൾക്കു വഴിതെളിച്ചതിനെതുടർന്ന് ആശുപത്രി അധികൃതർ ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഒഴിവുള്ള വെന്റിലേറ്ററുകൾ യഥാസമയം അറിയിക്കാൻ പ്രത്യേകം ജീവനക്കാരെ നിയോഗിച്ചതിനൊപ്പം വിവിധ ആശുപത്രികളിൽനിന്ന് വെന്റിലേറ്റർ ആവശ്യമുള്ള രോഗികളെ കൊണ്ടുവരുന്നതിന് ചില നിബന്ധനകളും ഏർപ്പെടുത്തി.
രോഗികളെ കൊണ്ടുവരുന്നതിന് മുമ്പായി ബന്ധപ്പെട്ട ആശുപത്രി അധികൃതർ രോഗിയുടെ നിലവിലുള്ള ആരോഗ്യസ്ഥിതി വിവരിച്ചു കൊണ്ടുള്ള റിപ്പോർട്ട് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്ക് കൈമാറുകയും തുടർന്ന് ആശുപത്രിയിലെ എമർജൻസി വിഭാഗവും ബന്ധപ്പെട്ട വകുപ്പു മേധാവിയും ചേർന്ന് തീരുമാനമെടുക്കുകയും ചെയ്യുന്നു.
ഇതിനായി കൂടുതൽ ഫലപ്രദമായ രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കുന്നതിനായി പബ്ലിക് റിലേഷൻ ഓഫിസർ സംവിധാനമുൾപ്പെടെ ക്രമീകരണങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഏറെ നാളായി ഈ വിധത്തിലാണ് വെന്റിലേറ്റർ ആവശ്യമുള്ള രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ, അടുത്തിടെ അത്യാഹിത വിഭാഗം വഴി നിലവിലുള്ള നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെയാണ് മറ്റ് ആശുപത്രികളിൽനിന്നും, പ്രത്യേകിച്ച് സ്വകാര്യ ആശുപത്രികളിൽനിന്ന് രോഗികളെ കൊണ്ടുവരുന്നത്.
ഇതുകാരണം നിരവധി നിർധന രോഗികൾക്ക് യഥാസമയം വെന്റിലേറ്റർ അപ്രാപ്യമാകുന്നുവെന്ന് പരാതി ഉണ്ടായി. ഇതോടെ ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് അത്യാഹിത വിഭാഗത്തിലൂടെ മുൻകൂട്ടി അറിയിക്കാതെ വെന്റിലേറ്റർ രോഗികളെ എത്തിക്കുന്നുവെന്ന യാഥാർഥ്യം വെളിപ്പെട്ടത്.
പ്രതിദിനം 800 മുതൽ 1000 വരെ രോഗികൾ അപകടങ്ങൾ ഉൾപ്പെടെ അടിയന്തരാവശ്യങ്ങളുമായി അത്യാഹിത വിഭാഗത്തിൽ മാത്രം ചികിത്സ തേടുന്നു. ഈ രോഗികൾക്കുപോലും അത്യാവശ്യ ഘട്ടത്തിൽ വെന്റിലേറ്റർ ലഭ്യമാക്കുന്നതിന് നിലവിൽ പ്രയാസം നേരിടുന്നു.
ആശുപത്രിയിൽ സ്വാധീനമുറപ്പിച്ചിട്ടുള്ള ചിലർ വഴിയാണ് ഇതു സാധ്യമാകുന്നതെന്ന് ആക്ഷേപമുണ്ട്. അതേസമയം നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രമീകരണമൊരുക്കുമെന്ന് സൂപ്രണ്ട് ഡോ എ. നിസാറുദീൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

