ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾ കബളിപ്പിക്കൽ -മാത്യു കുഴല്നാടന്
text_fieldsതിരുവനന്തപുരം: മന്ത്രിസഭ അംഗീകാരം നല്കിയ ഭൂപതിവ് നിയമ ഭേദഗതിചട്ടങ്ങൾ മലയോര ജനതയുടെ മേല്‍ കുരുക്ക് ഇടുന്ന നടപടിയാണെന്ന് മാത്യു കുഴല്നാടന് എം.എല്‍.എൽ. ഇടുക്കി ജില്ലയിലെ ഉള്‍പ്പെടെ ഭൂപ്രശ്നങ്ങള്‍ സങ്കീര്ണമാക്കുന്നതാണിത്. തെറ്റായ പ്രചാരണം നടത്തി മലയോര ജനതയെ വീണ്ടും കബളിപ്പിക്കുകയാണ് സര്‍ക്കാര്‍. പട്ടയ ഭൂമിയുടെ സ്വതന്ത്ര വിനിയോഗമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
2024 ജൂണ്‍ വരെയുള്ള ചട്ടലംഘന നിര്‍മാണങ്ങള്‍ ഫീസ് ഈടാക്കി ക്രമവത്കരിച്ച് നല്‍കുമെന്നാണ് സര്‍ക്കാറിന്റെ പ്രഖ്യാപനം. എന്നാല്‍, പട്ടയഭൂമിയിലെ എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം. പട്ടയഭൂമി സ്വതന്ത്രമായി വിനിയോഗിക്കാനുള്ള അവകാശം അതിന്റെ ഉടമകള്‍ക്ക് നല്‍കണമെന്നാണ് തങ്ങള്‍ സര്‍ക്കാറിന് മുന്നില്‍വെച്ച നിർദേശം. പട്ടയഭൂമി ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടിയാണ് പുതിയ ഭേദഗതി.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് പട്ടയഭൂമിയുമായി ബന്ധപ്പെട്ട് ഇത്രയും സങ്കീര്‍ണതകള്‍ ഉണ്ടായത്. 2024 ജൂണ്‍ വരെയുള്ള ചട്ടലംഘനങ്ങള്‍ ക്രമവത്കരിക്കാന്‍ കഴിഞ്ഞാലും ഫലത്തില്‍ ഗുണം ചെയ്യില്ല. 1500 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് വീണ്ടും നികുതി ഈടാക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഒരുതവണ കെട്ടിട നികുതി ഇനത്തില്‍ തുക ഈടാക്കിയ ശേഷം വീണ്ടും ഫീസ് ഈടാക്കാനാണ് നീക്കം. സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇടുക്കിയിലെയും മലയോര പ്രദേശത്തെയും ജനങ്ങളെ പിഴിയുകയാണ്. നികുതി നിയമങ്ങളുടെ നഗ്നമായ ലംഘനമാണിത്. ഉപാധിരഹിത പട്ടയം നല്‍കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാര്‍ ഈ ഭേദഗതിയിലൂടെ ജനങ്ങളെ വഞ്ചിച്ചെന്നും കുഴല്നാടന് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

