മൃഗശാലയിൽ ചതുപ്പ് മുതലക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി
text_fieldsമൃഗശാലയിൽ വിരിഞ്ഞിറങ്ങിയ ചതുപ്പ് മുതല
തിരുവനന്തപുരം: കഴിഞ്ഞ നവംബറിൽ കർണാടകയിലെ ഷിമോഗ മൃഗശാലയിൽ നിന്ന് കൊണ്ടുവന്ന ചതുപ്പ് മുതലകൾക്ക് (മാർഷ് മഗ്ഗർ) കുഞ്ഞുങ്ങൾ പിറന്നു. ഫെബ്രുവരി 26 നാണ് മുതല മുട്ടയിട്ടത്. മണലിൽ കുഴികൾ എടുത്താണ് സാധാരണ ഇവ മുട്ടായിടാറുള്ളത്. ശീതരക്തം ഉള്ള ജീവികൾ ആയതിനാൽ ഇവ അടയിരിക്കാറില്ല. ജീവിക്കുന്ന ജലാശയത്തിന്റെ തീരത്ത് മുട്ടകൾ നിക്ഷേപിച്ച ശേഷം തിരികെ മടങ്ങും.
സ്വാഭാവികമായ അന്തരീക്ഷ ഊഷ്മാവും ആർദ്രതയും കൊണ്ടാണ് മുട്ടകൾ വിരിയുക. ബുധനാഴ്ചയാണ് രണ്ട് കുഞ്ഞുങ്ങൾ മുട്ട വിരിഞ്ഞ് പുറത്ത് വന്നത്. അന്തരീക്ഷ താപനിലയും ആർദ്രതയും അനുസരിച്ചാണ് ഉണ്ടാകുന്ന കുട്ടികളുടെ ലിംഗം നിശ്ചയിക്കപ്പെടുന്നത് എന്ന പ്രത്യേകതയും ഈ ജീവികൾക്ക് ഉണ്ട്. മുട്ട വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ മൃഗശാല വെറ്റിനറി സർജ്ജൻ ഡോ. നികേഷ് കിരൺ പരിശോധിച്ച് പ്രത്യേകം തയാറാക്കിയ കുളത്തിൽ നിക്ഷേപിച്ചു.
വിരിഞ്ഞിറങ്ങി ആദ്യത്തെ രണ്ടാഴ്ചയോളം ഇവ ഭക്ഷണം കഴിക്കില്ല. മുട്ടയുടെ ഉള്ളിൽ വച്ച് തന്നെ ഇവയുടെ ശരീരത്തിൽ ശേഖരിക്കപ്പെടുന്ന പോഷകങ്ങൾ (യോക്ക്) ഉപയോഗിച്ചാണ് ഈ കാലഘട്ടത്തിൽ അവ ജീവിക്കുന്നത്. അതിനുശേഷം ചെറു മത്സ്യകുഞ്ഞുങ്ങളെ ഭക്ഷണമായി നല്കി തുടങ്ങും.
വംശനാശ ഭീഷണി നേരിടുന്ന ജീവികളെ ഉൾപ്പെടുത്തിയ ഐ യു സി എൻ ചെമ്പട്ടികയിൽ ‘വൾനറബിൾ’ ഗണത്തിൽ പെടുത്തിയിട്ടുള്ള ജീവിയാണ് മാർഷ് മഗ്ഗർ. ഇവയ്ക്ക് കുഞ്ഞുങ്ങൾ ഉണ്ടായത് നേട്ടമായി കരുതുന്നതായി മ്യൂസിയം ആൻഡ് സൂ ഡയറക്ടർ മഞ്ജുളാദേവി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

