സഹോദരങ്ങളെ വെട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
text_fieldsആറ്റിങ്ങൽ: സഹോദരങ്ങളായ ഓട്ടോ ഡ്രൈവർമാരെ അതിക്രൂരമായി മർദ്ദിച്ച് വെട്ടി പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതിയായ ആറ്റിങ്ങൽ കരിച്ചിൽ സ്വദേശി അനീഷ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായി. ആറ്റിങ്ങൽ പോലീസ് സ്റ്റേഷന് സമീപമുള്ള ബിവറേജസിൽ നിന്നും മദ്യം എടുക്കുന്നതുമായി ബന്ധപ്പെട്ട വാക് തർക്കമാണ് മർദനത്തിൽ കലാശിച്ചത്. പ്രതി അനീഷും പെരുംകുളം സ്വദേശികളായ സഹോദരങ്ങളായ അരുൺ, കിരൺ എന്നിവരുമായാണ് തർക്കമുണ്ടായത്. ഈ വിരോധം നിമിത്തം അനീഷും മറ്റ് പ്രതികളും ചേർന്ന് ഇരുവരെയും മർദ്ദിച്ച് അവശരാക്കുകയും വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തത്.
ഒന്നാം പ്രതിയായ അനീഷ് കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കഴിഞ്ഞ ദിവസം കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കൊല്ലപ്പെട്ട ഗുണ്ടയായ കടകംപള്ളി ബിജു എന്നയാളുടെ അടുത്ത സുഹൃത്തും കൊലക്കേസിലെ രണ്ടാം പ്രതിയുമാണ്. വഴക്ക് പറഞ്ഞുതീർക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അനീഷ് സഹോദരങ്ങളെ തന്ത്രപൂർവ്വം ബാബു എന്ന ആളുടെ വീട്ടിൽ മദ്യപിക്കാൻ വിളിച്ചുവരുത്തി മദ്യം കൊടുത്തതിനുശേഷം ആക്രമിക്കുകയായിരുന്നു.
ഒളിവിലായിരുന്ന പ്രതികളെ കണ്ടെത്തുന്നതിനായി ആറ്റിങ്ങൽ ഡി.വൈ.എസ്.പി അജി ചന്ദ്രൻ നായർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. അനീഷിനോടൊപ്പം മറ്റു പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അവർക്ക് വേണ്ടിയുള്ള അന്വേഷണം നടത്തിവരുന്നു. ആറ്റിങ്ങൽ സർക്കിൾ ഇൻസ്പെക്ടർ ശ്രീജേഷ്.വി.കെ, സബ് ഇൻസ്പെക്ടർമാരായ സുദർശനൻ കെ.എസ്, സലിം, എ.എസ്.ഐ ജ്യോതിഷ് കുമാർ വി.വി, മുരളീധരൻ പിള്ള, പോലീസുകാരായ മഹേഷ്, അരുൺ നിതിൻ, വിഷ്ണു, അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

