കോർപറേഷൻ ആർക്കൊപ്പം; നെഞ്ചിടിപ്പോടെ മുന്നണികൾ
text_fieldsതിരുവനന്തപുരം: വോട്ടെണ്ണൽ നാളെ നടക്കാനിരിക്കെ നഗര ഭരണത്തിലെ ജനവിധി എന്തെന്ന ആകാംക്ഷയിൽ മുന്നണികൾ. പോളിങ് ശതമാനത്തിൽ വന്ന ഇടിവ് എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും ആശങ്കയോടെ കാണുന്നു. കഴിയുന്നത്ര വോട്ടുകൾ പോൾ ചെയ്യിക്കാനുള്ള ശ്രമം എല്ലാ പാർട്ടികളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുന്നണികൾ പ്രചാരണത്തിൽ കാട്ടിയ ആവേശം പോളിങ്ങിൽ പ്രകടമാകാത്ത സാഹചര്യമായിരുന്നു മിക്ക വാർഡുകളിലും. മിക്ക വാർഡുകളിലും പകുതിയോളം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.
45 വർഷമായി തുടരുന്ന കോർപറേഷൻ ഭരണം ഇക്കുറിയും നിലനിർത്താനാവുമെന്ന ഉറച്ച പ്രതീക്ഷ എൽ.ഡി.എഫിനുണ്ട്. നഗരത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും സംസ്ഥാന സർക്കാറിന്‍റെ ക്ഷേമപ്രവർത്തനങ്ങളുമെല്ലാം വോട്ടെടുപ്പിൽ പ്രതിഫലിച്ചതായി എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. ബി.ജെ.പി സ്ഥാനാർഥികൾ പല വാർഡുകളിലും കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും 2020ൽ നേടിയ സീറ്റുകളേക്കാൾ അധികം നേടി ഇക്കുറിയും വിജയത്തിലെത്തുമെന്ന് പോളിങ് കണക്കുകൾ വിലയിരുത്തി എൽ.ഡി.എഫ് നേതൃത്വം വിശദീകരിക്കുന്നുണ്ട്. ഭരണ വിരുദ്ധ വികാരം വോട്ടായി എന്ന് യു.ഡി.എഫും ബി.ജെ.പിയും വിമർശിക്കുമ്പോഴും അങ്ങനെ സംഭവിച്ചില്ലെന്ന് വിശ്വാസിക്കുകയാണ് ഇടതുക്യാമ്പുകൾ.
പോളിങ് കുറഞ്ഞുവെങ്കിലും 2020ൽ നേടിയ പത്ത് സീറ്റ് എന്ന പരിമിത സംഖ്യയിൽ നിന്നും ഭൂരിപക്ഷം നേടി ഭരണം പിടിക്കാനാവുന്ന നിലയിലേക്ക് സീറ്റുകൾ ഉയരുമെന്ന് യു.ഡി.എഫ് കരുതുന്നു. യു.ഡി.എഫിന്‍റെ പ്രചാരണ ചുമതലകൾക്ക് നേതൃത്വം നൽകിയ മുതിർന്ന നേതാവ് കെ.മുരളീധരനടക്കമുള്ളവർ ഇക്കുറി അട്ടിമറി വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ്. സ്ഥാനാർഥി നിർണയത്തിൽ ആരംഭിച്ച മേൽക്കൈ പ്രചാരണത്തിലും വോട്ട് വിഹിതത്തിലും യു.ഡി.എഫ് നേടുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും തിരുവനന്തപുരം കോർപറേഷനിൽ യു.ഡി.എഫ് മേയർ തന്നെയെത്തുമെന്നാണ് വോട്ടെണ്ണൽ ദിനം അരികിലെത്തുമ്പോൾ പാർട്ടി അണികളുടേയും പ്രതീക്ഷ.
ശനിയാഴ്ച ഉച്ചക്ക് മുമ്പ് തന്നെ തങ്ങൾക്ക് അനുകൂലമായ തെരഞ്ഞെടുപ്പ് ഫലം പ്രതിക്ഷിക്കുകയാണ് ബി.ജെ.പി. കോർപറേഷൻ ഭരണം പിടിക്കാൻ സർവ സന്നാഹവും ബി.ജെ.പി നടത്തിരുന്നു. സംസ്ഥാന അധ്യക്ഷനടക്കം മുതിർന്ന നേതാക്കൾ കോർപറേഷനിൽ പ്രത്യേക ശ്രദ്ധ പുലർത്തി. പ്രചാരണ പ്രവർത്തനങ്ങൾ ലക്ഷ്യം കണ്ടുവെന്നും പോളിങ് കുറഞ്ഞത് തങ്ങളുടെ വിജയത്തെ ബാധിക്കാനിടയില്ലെന്നും ബി.ജെ.പി നേതൃത്വം പറയുന്നു.
ഇക്കുറി കോർപറേഷനിലെ ആകെ പോളിങ് 58.29 ശതമാനമായിരുന്നു. ജില്ലയിൽ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ പോളിങ് കോർപറേഷനിലാണ്. നഗരമാധ്യത്തിലെ വാർഡുകളിലും പോളിങ്നില ഗണ്യമായി കുറഞ്ഞപ്പോൾ മറ്റ് മേഖലകളിൽ വോട്ടുനില ഉയരുകയും ചെയ്തു. ഉയർന്ന പോളിങ് വെങ്ങാനൂരിലും (72.44) കുറഞ്ഞ പോളിങ് നാലാഞ്ചിറയിലുമാണ്(46.37) രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

