അഞ്ചരകോടിയുടെ ഭൂമി തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് പ്രവാസിയുടെ അഞ്ചരകോടിരൂപ വിലവരുന്ന ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുത്ത കേസിൽ വീണ്ടും അറസ്റ്റ്. പ്രമാണത്തിൽ കള്ളസാക്ഷിയായി ഒപ്പിട്ട കല്ലയം വെട്ടിക്കുഴി ചാലിൽ വീട്ടിൽ സുനിൽ ബാബു തോമസിനെയാണ് (42) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പരാതി നൽകിയ ബന്ധു അമര്‍നാഥ് പോളിനും ഭൂമി തട്ടിപ്പിൽ പങ്കുണ്ടെന്ന് മുഖ്യപ്രതിയും ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അംഗമായ അനന്തപുരി മണികണ്ഠന് പൊലീസിനെ അറിയിച്ചു. അയൽവാസിയായ അനിൽതമ്പിയാണ് പണമെല്ലാം മുടക്കിയതെന്നും മ്യൂസിയം പൊലീസിന്റെ ചോദ്യം ചെയ്യലിൽ മണികണ്ഠൻ വ്യക്തമാക്കി. അനിൽ തമ്പിയുടെ ഫ്ലാറ്റിന് സമീപമാണ് 14 സെന്റും 10 മുറികളുള്ള വീടും.
അനിൽ തമ്പി ആവശ്യപ്പെട്ട പ്രകാരമാണ് വ്യാജപ്രമാണങ്ങളുണ്ടാക്കിയതെന്നാണ് മണികണ്ഠന്റെ മൊഴി. ഒരു അഭിഭാഷകൻ മുഖേനെ ഭൂമി നോക്കിനടത്തിപ്പുകാരനുമായ അമര്‍ നാഥ്പോളുമായി ചർച്ച നടത്തി. അമര്‍ നാഥിനും വന്‍ തുക വാഗ്ദാനം ചെയ്തു. ഡോറയുടെ വളര്‍ത്തു മകള്‍ എന്ന വ്യാജേന തന്റെ സുഹൃത്ത് മെറിനെ സബ് റജിസ്ട്രാര്‍ ഓഫിസിൽ ഹാജരാക്കി ഇഷ്ടദാനമായി ഭൂമി തട്ടിയെടുത്തു. ഇതിനുള്ള ആധാരം എഴുതി തയ്യാറാക്കിയ മണികണ്ഠൻ അതിൽ ഒരു അഭിഭാഷകനെ കൊണ്ട് ഒപ്പ് ഇടീച്ചു. ദിവസങ്ങള്‍ക്കകം ഈ ഭൂമി ഒന്നരക്കോടി രൂപയ്ക്ക് അനിൽ തമ്പിയുടെ ഭാര്യ പിതാവിന്റെ പേരിലേക്ക് മാറ്റി. ഇതിന് പിന്നാലെ വാഗ്ദാനം ചെയ്ത പണം നൽകാത്തതിനാൽ അമര്‍നാഥ് പോളും തങ്ങളുമായി തെറ്റിയെന്നാണ് മണികണ്ഠന്റെ മൊഴി. ചൊവ്വാഴ്ച പുലര്‍ച്ചെ ബംഗളൂരുവിൽ നിന്നാണ് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അംഗമായ മണികണ്ഠനെ മ്യൂസിയം പൊലീസ് പിടികൂടിയത്. ഇയാൾ കേസിലെ അഞ്ചാം പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

