കിച്ചൺ ബിൻ അഴിമതി അന്വേഷണം; ഫയൽ ഹാജരാക്കാൻ ഒരാഴ്ച
text_fieldsതിരുവനന്തപുരം: ഉറവിട മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി കോർപറേഷൻ നടപ്പാക്കിയ കിച്ചൺ ബിൻ വിതരണത്തിൽ അഴിമതിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം. വിജിലൻസിന്റെ സ്പെഷൽ യൂനിറ്റ് കഴിഞ്ഞ ദിവസം നഗരസഭയിലെത്തി പരിശോധന നടത്തി.
പുതിയതും പഴയതുമായ കിച്ചൺ ബിൻ കരാറുകളുടെ ഫയലുകൾ സമർപ്പിക്കാൻ ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. സമയം വേണമെന്ന ഉദ്യോഗസ്ഥരുടെ ആവശ്യത്തെ തുടർന്നാണ് സമയം നൽകിയത്. മുൻ ഭരണസമിതിയുടെ കാലത്ത് ആരോപണവിധേയരായ ഒമേഗ എക്കോടെക് പ്രൊഡക്ട് ഇന്ത്യ കമ്പനിക്ക് തന്നെ ഇത്തവണയും കിച്ചൺ ബിന്നിന്റെ കരാർ നൽകിയതിനെതിരെ വിമർശനം കൗൺസിൽ യോഗത്തിൽ തന്നെ ഉയർന്നിരുന്നു.
മുൻ ഭരണസമിതിയുടെ കാലത്ത് ബിന്നുകൾ വിതരണം ചെയ്തതിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒമേഗ കമ്പനിക്കെതിരെ വിജിലൻസ് അന്വേഷണമുണ്ടായിരുന്നു. അന്വേഷണം പൂർത്തിയാകും മുമ്പ് 2022 ഒക്ടോബറിൽ കമ്പനിക്ക് നൽകാനുള്ള 1.4 കോടിയുടെ കുടിശിക നൽകാൻ ആരോഗ്യകാര്യ സ്ഥിരംസമിതിയുടെ ശുപാർശ കൗൺസിൽ എതിർത്തതിനെ തുടർന്ന് നടപ്പായില്ല. അതിനു പിന്നാലെയാണ് വീണ്ടും ഇവർക്ക് തന്നെ കരാർ നൽകാൻ തീരുമാനിച്ചത്.
കരാർ നൽകിയതിൽ അഴിമതിയുണ്ടെന്ന് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിജിലൻസ് അന്വേഷണം നടന്നത്. ഹെൽത്ത് ഓഫിസർമാരെക്കൂടാതെ ഹെൽത്ത് സൂപ്പർ വൈസർമാരിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. അടുക്കള മാലിന്യം സംസ്കരിക്കുന്നതിനുള്ള ബയോ കമ്പോസ്റ്റർ കിച്ചൺ ബിൻ ഒന്നിന് 1950 രൂപ നിരക്കിൽ 25,000 ബിന്നുകൾ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
2024 സെപ്തംബർ 28ന് കിച്ചൺ ബിന്നിനായി ടെൻഡർ ക്ഷണിച്ചതിൽ അഞ്ച് കമ്പനികൾ പങ്കെടുത്തെങ്കിലും നാലുകമ്പനികളാണ് യോഗ്യത നേടിയത്. നവംബർ ആറിന് ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാലക്കാട് ഐ.ആർ.ടി.സി, റെയ്ഡ്കോ കമ്പനികളുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് കണ്ട് ഒഴിവാക്കി.
25 രൂപ കുറച്ച് ബിന്നുകൾ നൽകാൻ ഒമേഗ എക്കോടെക്ക് സന്നദ്ധത അറിയിച്ചതോടെ കരാറിലേർപ്പെടാൻ തീരുമാനിക്കുകയായിരുന്നു. നഗരസഭയിൽ നിന്ന് കാണാതായ 2220 ബിന്നുകൾ സംബന്ധിച്ച് ദുരൂഹത തുടരുന്നതിനിടെയാണ് അതേ കമ്പനിക്ക് വീണ്ടും കരാർ നൽകാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

