വിഷം കഴിച്ചെന്ന് സന്ദേശം കിട്ടിയത് സുഹൃത്ത് രഹസ്യമാക്കിവച്ചു; 17കാരിയുടെ മരണത്തിൽ അറസ്റ്റ്
text_fieldsഅൽഫിയ
കിളിമാനൂർ: പ്ലസ് ടു വിദ്യാർഥിനി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മമഹത്യ പ്രേരണക്കുറ്റത്തിനാണ് കേസെടുത്തത്. കിളിമാനൂർ ആലത്തുകാവ് കെ.കെ ജങ്ഷൻ മഠത്തിൽ വിളാകത്തുവീട്ടിൽ ജിഷ്ണു എസ്. നായർ (27) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 30ന് അൽഫിയ (17) മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് കിളിമാനൂർ പൊലീസിൽ പരാതി നൽകി. പ്രത്യേക അന്വേഷകസംഘമാണ് പ്രതിയെ പിടികൂടിയത്. കിളിമാനൂർ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ആർ.ആർ.സി അംഗമായിരുന്നു ജിഷ്ണു. മൂന്ന് മാസം മുമ്പ് ഷാജഹാനും കുടുംബത്തിനും കോവിഡ് ബാധിച്ചിരുന്നു. ഇവരെ കിളിമാനൂർ പഞ്ചായത്തിലെ ഗൃഹപരിചരണ കേന്ദ്രത്തിലെത്തിച്ച ആംബുലൻസിൽ ജിഷ്ണുവുമുണ്ടായിരുന്നത്രേ. ഇതിനിടയിലാണ് ജിഷ്ണു പെൺകുട്ടിയുടെ നമ്പർ സംഘടിപ്പിച്ചത്. തുടർന്ന് ഇരുവരും നിരന്തരം ചാറ്റിങ് ആരംഭിക്കുകയും പ്രണയത്തിലാകുകയുമായിരുന്നു.
എന്നാൽ മറ്റൊരു പെൺകുട്ടിയുമായി പരിചയത്തിലായ ജിഷ്ണു തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നതായി തോന്നിയ പെൺകുട്ടി 26ന് താൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുവാൻ പോകുകയാണെന്ന് പ്രതിയെ വിളിച്ചറിയിച്ചത്രേ. വാട്സ്ആപ്പിൽ മെസേജ് ഇടുകയും ചെയ്തു. വിഷം കഴിക്കുന്നതിെൻറ വിഡിയോയും ഫോട്ടോയും പെൺകുട്ടി പ്രതിക്ക് അയച്ചുകൊടുത്തതായും പൊലീസ് പറയുന്നു. ഒന്നിലേറെ തവണ പെൺകുട്ടി വിഷം കഴിച്ചതായും പറയപ്പെടുന്നു.
അസ്വസ്ഥത അനുഭവപ്പെട്ട പെൺകുട്ടിയെ 26ന് രാത്രി ആശുപത്രിയിലെത്തിച്ചെങ്കിലും ഗ്യാസിെൻറ പ്രശ്നമാകാമെന്ന സംശയത്താൽ തിരിച്ചയച്ചു. പിറ്റേന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 28ന് പ്ലസ് വൺ പരീക്ഷ എഴുതാൻ പോയ പെൺകുട്ടിയെ തീരെ അവശയായതോടെ വൈകീട്ട് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ എലിവിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തിയെങ്കിലും മരണം സംഭവിച്ചു. തുടർന്നാണ് പെൺകുട്ടിയുടെ മൊബൈൽ ബന്ധുക്കൾ പരിശോധിക്കുന്നത്.
ശാസ്ത്രീയ പരിശോധനകൾ നടക്കുന്നുണ്ടെന്നും കേസിൽ മറ്റ് പ്രതികളുണ്ടെങ്കിൽ അവരെയും പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് അന്വേഷണസംഘം പറഞ്ഞു. കിളിമാനൂർ സി.ഐ എസ്. സനൂജ്, എസ്.ഐമാരായ വിജിത്ത് കെ. നായർ, പ്രദീപ്, ഷാജി, സി.പി.ഒമാരായ രഞ്ചിത്ത് രാജ്, റിയാസ്, ഷാജി, സുനിൽകുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

