വിഡിയോ ചിത്രീകരണത്തിനായി അഭ്യാസപ്രകടനം; ബൈക്കിടിച്ച് വയോധികന് ഗുരുതര പരിക്ക്
text_fieldsകിളിമാനൂർ: വിഡിയോ ചിത്രീകരണത്തിനായി അഭ്യാസപ്രകടനം നടത്തിയ ബൈക്കിടിച്ച് വയോധികന് ഗുരുതര പരിക്കേറ്റു. ചാരുപാറ താഴ് വാരം വീട്ടിൽ ഭാസ്കരപിള്ള(90)ക്കാണ് പരിക്കേറ്റത്. സ്വകാര്യ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ പൊലീസ് സ്റ്റേഷൻ-തൊളിക്കുഴി റോഡിൽ ഞായറാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൂടിയായ മകൻ മുരളീധരൻ കിളിമാനൂർ പൊലീസിൽ പരാതി നൽകി.
ഞായറാഴ്ച രാവിലെ മകളുടെ വീട്ടിൽനിന്ന് കാപ്പി കഴിച്ച് ഭാര്യക്കുള്ള ഭക്ഷണവുമായി വീട്ടിലേക്ക് നടന്ന് പോകുമ്പോൾ അമിതവേഗത്തിൽ വന്ന ബൈക്ക് ഭാസ്കരപിള്ളയെ ഇടിച്ചിടുകയായിരുന്നു. തലക്കും കാലിനും സ്പൈനൽ കോഡിനും ഗുരുതര പരിക്കേറ്റു.
ഈ പ്രദേശത്ത് അടുത്തകാലത്തായി ഇത്തരം ബൈക്ക് അഭ്യാസങ്ങൾ നടക്കുന്നതായി നാട്ടുകാർ പൊലീസിനും മോട്ടോർ വാഹനവകുപ്പിനും പരാതി നൽകി. അപകടകരമായ ഇത്തരം അഭ്യാസപ്രകടനങ്ങൾക്കെതിരെ നഗരത്തിൽ നടത്തിവന്ന ഓപറേഷൻ റാഷ് ജില്ലയിലുടനീളം വ്യാപിപ്പിച്ച് നടപടി ശക്തമാക്കുമെന്നും കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കുള്ള കർശന നടപടി സ്വീകരിക്കുമെന്നും എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ജി. സാജൻ മാധ്യമത്തോട് പറഞ്ഞു.

