പള്ളിക്കൽ വി.ഇ ഓഫിസ് ഒറ്റമുറിയിൽ; ജീവനക്കാർ ദുരിതത്തിൽ
text_fieldsകിളിമാനൂർ: സ്വാതന്ത്ര്യത്തോടെ നിൽക്കാൻപോലും ഇടമില്ലാതെ വീർപ്പുമുട്ടുകയാണ് പള്ളിക്കൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസ്. പഴയ കെട്ടിടത്തിന്റെ വശത്തുള്ള ഒറ്റമുറിയിലാണ് ഓഫിസ് കാലങ്ങളായി പ്രവർത്തിക്കുന്നത്. രേഖകൾ സൂക്ഷിക്കാനുള്ളയിടം കഴിഞ്ഞാൽ കഷ്ടിച്ച് ഒരാൾക്ക് ഇരിക്കാം. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് പുറത്ത് കാത്തുനിൽക്കേണ്ട അവസ്ഥയാണ്.
അതേസമയം സമീപത്തെ പള്ളിക്കൽ ഓഫിസ് കോംപ്ലക്സിൽ മതിയായ സ്ഥലമുണ്ടെങ്കിലും അവിടേക്ക് മാറ്റാൻ നടപടിയില്ല. കൃഷി ഭവനും ഐ.സി.ഡി.എസ് ഓഫിസും മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് ആറ് വർഷം മുമ്പ് ഓഫിസ് കോംപ്ലക്സ് നിർമിച്ചത്. നാട്ടുകാരുടെ പരാതിയെയും പത്രവാർത്തകളെയും തുടർന്നാണ് കൃഷിഭവനും ഐ.സി.ഡി.എസ് ഓഫിസും കോംപ്ലക്സിലേക്ക് മാറ്റിയത്. ഇലക്ട്രിസിറ്റി ബോർഡ് ഓഫിസ് ഇപ്പോഴും വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ പ്രവർത്തനം ഓഫിസ് കോംപ്ലക്സിലേക്ക് മാറ്റാൻ നേരേത്ത ആലോചിച്ചെങ്കിലും നടപ്പായില്ല.
മൂതലയിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രി ഇവിടേക്ക് മാറ്റാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, ആശുപത്രി മാറുന്നതിൽ എതിർപ്പുണ്ടായിരുന്ന നാട്ടുകാർ പിരിവെടുത്ത് ആശുപത്രിക്ക് ഭൂമി വാങ്ങി നൽകി.
പള്ളിക്കൽ വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത് മൂതലയിൽ സ്വന്തം കെട്ടിടത്തിലാണ്. പ്രധാന കവലയോട് ചേർന്ന് സൗകര്യപ്രദമായ നിലയിൽ കെട്ടിടമുണ്ടായിട്ടും സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ഓഫിസുകളെ മാറ്റാൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

