
വരവുചെലവ് കണക്ക് ചോദിച്ചതിൽ പ്രതിഷേധം; പ്രഥമാധ്യാപിക പുതിയ പി.ടി.എ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsകിളിമാനൂർ: കോവിഡ് പശ്ചാത്തലത്തിൽ 18 മാസത്തിലേറെ അടഞ്ഞുകിടന്ന സർക്കാർ യു.പി സ്കൂളിലെ വരവുചെലവ് കണക്കുകൾ ചോദിച്ചതിെൻറ പ്രതിഷേധത്തിൽ പ്രഥമാധ്യാപിക പുതിയ പി.ടി.എ കമ്മിറ്റി രൂപവത്കരിച്ചതായി ആക്ഷേപം. ഇതുസംബന്ധിച്ച് സ്കൂൾ പി.ടി.എ പ്രസിഡൻറിെൻറ നേതൃത്വത്തിൽ ഡി.ഇ.ഒ, കിളിമാനൂർ എ.ഇ.ഒ, പഞ്ചായത്ത് പ്രസിഡൻറ് എന്നിവർക്ക് പരാതി നൽകി.
കിളിമാനൂർ ടൗൺ യു.പി.എസിലെ പി.ടി.എ കമ്മിറ്റിയാണ് സ്കൂൾ പ്രഥമാധ്യാപികെക്കതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. രക്ഷിതാക്കളുടെ പൊതുയോഗം വിളിച്ചുചേർക്കാതെയാണ് പ്രഥമാധ്യാപിക പി.ടി.എ സംഘടിപ്പിച്ചെതന്ന് ആരോപണമുയർന്നിട്ടുണ്ട്.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന അഡ്ഹോക്ക് കമ്മിറ്റിയെ പി.ടി.എ കമ്മിറ്റിയായി പ്രഥമാധ്യാപിക സ്ഥിരപ്പെടുത്തുകയായിരുന്നത്രേ. പി.ടി.എ ഫണ്ടിെൻറയോ ഉച്ചഭക്ഷണത്തിെൻറയോ കണക്കുകൾ പ്രഥമാധ്യാപിക യഥാസമയം കമ്മിറ്റികളിൽ അവതരിപ്പിക്കാറില്ലെന്ന് പി.ടി.എ ഭാരവാഹികൾ ആരോപിച്ചു. ഈ കണക്കുകൾ പി.ടി.എ കമ്മിറ്റി ആവശ്യപ്പെട്ടതാണ് പ്രഥമാധ്യാപികക്ക് പ്രകോപനമുണ്ടാകാൻ കാരണം. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ചേർന്ന യോഗം നിയമപരമായി പി.ടി.എ പ്രസിഡൻറിനെയോ മറ്റ് അംഗങ്ങളെയോ അറിയിച്ചിട്ടില്ല.
സ്കൂൾ പ്രവേശനത്തിന് മുന്നോടിയായി എല്ലാ സ്കൂളുകളിലും പി.ടി.എ അടക്കമുള്ള കമ്മിറ്റികൾ ചേർന്ന് സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്നും ഇതിനായി പൊതുജനങ്ങളുടെ അടക്കം സഹകരണം ഒരുക്കണമെന്നുമായിരുന്നു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. എന്നാൽ രേഖപരമായി ഒരു ഉത്തരവാദിത്തവും ഈ സ്കൂളിലെ പ്രഥമാധ്യാപിക നിർവഹിച്ചില്ലെന്നും സ്കൂളിന് നൂറ് മീറ്റർ മാത്രം അകലെയുള്ള എ.ഇ ഓഫിസിൽ പോലും അറിയിച്ചില്ലെന്നും പരാതിയുണ്ട്. ഇതിന് ദിവസങ്ങൾക്ക് മുമ്പ് സ്കൂളിൽ ചേർന്ന യോഗത്തിൽ നിന്നും വാർഡ് മെംബർ ഇറങ്ങിപ്പോയി.
സർക്കാർ വിദ്യാഭ്യാസ വകുപ്പ് നിർദേശങ്ങളെ ലംഘിച്ച് കൊണ്ടാണ് സ്കൂളിലെ പുതിയ പി.ടി.എ കമ്മിറ്റിയെന്നും ഇതുവരെയുള്ള വരവ്-ചെലവ് കണക്കുകൾ പി.ടി.എയെയും പൊതുജനങ്ങളെയും ബോധ്യപ്പെടുത്താൻ പ്രഥമാധ്യാപിക തയാറാകണമെന്നും സ്കൂൾ പി.ടി.എ പ്രസിഡൻറ് ദയാൽ, വൈസ് പ്രസിഡൻറ് ലിസി, മദർ പി.ടി.എ പ്രസിഡൻറ് അടക്കമുള്ളവർ ഒപ്പിട്ട പരാതിയിൽ പറയുന്നു.
സ്കൂളിലെ പല കാര്യങ്ങളിലും പി.ടി.എ പ്രസിഡൻറ് പങ്കെടുക്കാറില്ലെന്നും കഴിഞ്ഞ ജൂൺ ഒന്നുമുതൽ നവംബർ ഒന്നുവരെയുള്ള പ്രധാന പരിപാടികളിലടക്കം പി.ടി.എ എത്തിയിരുന്നില്ലെന്നും പ്രഥമാധ്യാപിക ജയന്തി പറഞ്ഞു. അതേസമയം, പഞ്ചായത്തിലെ മികച്ച സർക്കാർ യു.പി സ്കൂളിലെ പ്രവർത്തനം കാര്യക്ഷമമായി തുടരണമെന്നും സ്കൂൾ പ്രഥമാധ്യാപികയെയും നിലവിലെ പി.ടി.എ പ്രസിഡൻറിനെയും ശനിയാഴ്ച പഞ്ചായത്തിലേക്ക് വിളിച്ചിട്ടുള്ളതായും വിഷയം രമ്യമായി പരിഹരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് കെ. രാജേന്ദ്രൻ, വാർഡ് മെംബർ സലിൽ എന്നിവർ പറഞ്ഞു. സംഭവത്തിൽ വെള്ളിയാഴ്ച വൈകി മാത്രമാണ് പരാതി കിട്ടിയതതെന്നും സംഭവത്തെക്കുറിച്ച് നാളെത്തന്നെ അന്വേഷിക്കുമെന്നും കിളിമാനൂർ എ.ഇ.ഒ വി.എസ്. പ്രദീപ് 'മാധ്യമ'ത്തോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
