മഹാദേവേശ്വരം പാലം അപകടാവസ്ഥയിൽ; ഇടപെടാതെ പഞ്ചായത്ത്
text_fieldsഅപകടാവസ്ഥയിലായ മഹാദേവേശ്വരം പാലം
കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിലെ മഹാദേവേശ്വരം പാലം അപകടാവസ്ഥയിലായിട്ടും നടപടിയെടുക്കാതെ അധികൃതർ. പാലത്തിന്‍റെ കൈവരികൾ തകർന്ന് മാസങ്ങൾ പിന്നിട്ടിട്ടും പഞ്ചായത്ത് ഭരണസമിതി മൗനത്തിലാണ്.
ഇടുങ്ങിയ പാലത്തിലൂടെ ചെറുവാഹനങ്ങൾക്ക് കടന്നുപോകാനുള്ള ഇടം പോലുമില്ല. ടൗണിൽ കൊച്ചുപാലം നിർമാണം നടന്ന സമയത്ത് മങ്കാട് റോഡുവഴി ഈ പാലത്തിലൂടെയാണ് വാഹനങ്ങൾ കടത്തിവിട്ടത്. ഇതോടെയാണ് പാലം കൂടുതൽ അപകടത്തിലായത്.
ശിൽപ ജങ്ഷൻ, പുതിയകാവ്, പഞ്ചായത്ത് ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കും ടൗണിൽ തിരക്കുള്ള സമയങ്ങളിൽ എളുപ്പം എത്താൻ കഴിയുന്ന ഇടറോഡാണിത്. അടിയന്തരമായി പാലം പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സംസ്ഥാന പാതയിൽ മഹാദേവേശ്വരം ക്ഷേത്ര കവലയിൽനിന്നും ആരംഭിച്ച് - കിളിമാനൂർ ടൗൺപള്ളി - ആയിരവില്ലിക്ഷേത്രം റോഡിൽ മുസ്ലിം പള്ളിക്ക് സമീപത്താണ് അപകടാവസ്ഥയിൽ പാലം സ്ഥിതി ചെയ്യുന്നത്.
മഹാദേവേശ്വരം ക്ഷേത്രത്തിലേക്ക് നിരവധി പേർ രാവിലെയും വൈകുന്നേരത്തുമായി നടന്നുപോകുന്നുണ്ട്. പാലത്തിനു സമീപം മുസ്ലിം പള്ളിക്ക് പുറമേ, രാജാരവിവർമ സ്മാരക ആർട് ഗാലറിയുമുണ്ട്. മാസത്തിൽ രാഷ്ട്രീയ കക്ഷികളുടെയും വിവിധ സാംസ്കാരിക സംഘടനകളുടെയുമൊക്കെ പരിപാടികൾ ഇവിടെ സംഘടിപ്പിക്കുന്നുണ്ട്. ഭയത്തോടെയാണ് പാലം വഴിയാത്രക്കാർ സഞ്ചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

