കിളിമാനൂർ-തകരപ്പറമ്പ് റോഡ് തകർന്നു; യാത്രദുരിതം
text_fieldsകിളിമാനൂർ - പോങ്ങനാട് റോഡിൽ മലയാമഠം ഭാഗം തകർന്ന നിലയിൽ
കിളിമാനൂർ: ഗ്രാമീണ മേഖലകളിലെ റോഡുകൾ മിക്കതും തകർന്നതോടെ യാത്ര ദുരിതമാകുന്നു. കിളിമാനൂർ, പഴയകുന്നുമ്മേൽ പഞ്ചായത്തുകളിലെ ആധുനികരീതിയിൽ നവീകരിച്ചതൊഴികെയുള്ള റോഡുകളുടെയെല്ലാം സ്ഥിതി ശോചനീയമാണ്. മേഖലയിലെ പ്രധാന റോഡുകളിലൊന്നായ കിളിമാനൂർ-പോങ്ങനാട്-തകരപ്പറമ്പ് റോഡ് തകർന്നു. റോഡിലെ മലയാമഠം കവലക്ക് സമീപം അപകടം നിത്യസംഭവമാണ്.
കിളിമാനൂർ പഞ്ചായത്തിലെ പുളിമ്പള്ളിക്കോണം-വട്ടക്കൈത-ഇരുളുപച്ച റോഡ് ടാർ മുഴുവൻ ഇളകി തകർന്ന് വൻ കുഴികളായി. റോഡിന്റെ ദുഃസ്ഥിതിമൂലം ഇതുവഴിയുണ്ടായിരുന്ന ഏക ബസ് സർവിസ് മറ്റൊരു റൂട്ടിലൂടെയാണ് ഇപ്പോൾ ഓടിക്കുന്നത്. പ്രധാനമന്ത്രി ഗ്രാമീണ റോഡുവികസന പദ്ധതിയിൽ വികസിപ്പിച്ച കറ്റുവെട്ടി-കൈലാസംകുന്ന് റോഡും തകർന്നിട്ട് മാസങ്ങളായി. ഈ റോഡിന്റെ നിർമാണത്തിനായി ഇറക്കിയ പാറ ഉൽപന്നങ്ങൾ റോഡ് മുഴുവൻ പരന്ന് കിടക്കുന്നത് കാരണം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായി.
പനപ്പാംകുന്ന്-പുതുമംഗലം റോഡ്, നെല്ലിമൂട്-പുന്നവിളമുക്ക്, പുളിമ്പള്ളിക്കോണം-തോപ്പിൽ, പോങ്ങനാട്- മുണ്ടയിൽക്കോണം തുടങ്ങി കിളിമാനൂർ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളെല്ലാം തകർന്നിരിക്കുകയാണ്. പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡായ പുതിയകാവ് - പോങ്ങനാട്- തകരപ്പറമ്പ് റോഡിൽ പഞ്ചായത്ത് ഓഫിസിന് സമീപം റോഡിൽ വലിയകുഴി രൂപപ്പെട്ടിട്ട് മാസങ്ങളായി. ഇവിടെ നിത്യേന ഇരുചക്ര വാഹനങ്ങളടക്കം അപകടത്തിൽപെടുന്നു.കിളിമാനൂർ ടൗൺ നിലനിൽക്കുന്ന പഴയകുന്നുമ്മേൽ പഞ്ചായത്തിലെ റോഡുകളുടെ സ്ഥിതി ശോചനീയമാണ്. ഇവിടെ വിവിധ പ്രദേശങ്ങളിലായി 100 കിലോമീറ്ററിലേറെ ഗ്രാമീണ റോഡുകൾ തകർന്നിട്ടുണ്ട്.
മഹാദേവേശ്വരം-ടൗൺ പള്ളി- മങ്കാട്, ടൗൺ പള്ളി - ഞാവേലിക്കോണം, കുന്നുമ്മേൽ- തോപ്പിൽ, അടയമൺ- കൊപ്പം, തട്ടത്തുമല- കിഴക്കേവട്ടപ്പാറ, തട്ടത്തുമല- ചായക്കാർപച്ച, നെല്ലിക്കുന്ന്- മണലേത്തുപച്ച, പാപ്പാല-നെല്ലിക്കുന്ന്, പാപ്പാല-പറകോണം എന്നിവയാണ് തകർന്നതിൽ പ്രധാന റോഡുകൾ.അമിതഭാരം കയറ്റിയ ലോറികൾ, അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടൽ, കനത്ത മഴ എന്നിവയുൾപ്പെടെ റോഡുകളെ തകർക്കുന്ന കാരണങ്ങൾ നിരവധിയാണ്. ഗ്രാമീണ റോഡുകളുടെ തകർച്ച പരിഹരിച്ചില്ലെങ്കിൽ സ്വകാര്യ വാഹനങ്ങൾപോലും റോഡിലിറക്കാൻ കഴിയാതെ വരുമെന്നാണ് നാട്ടുകാരുടെ പരാതി. കാൽനടക്കുപോലും കഴിയാത്തവിധം റോഡുകൾ തകർന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

