കിളിമാനൂർ: മന്ത്രി നട്ട പാടത്ത് നൂറുമേനി വിളവ്; വിളവെടുപ്പിന് ഉത്സവപ്രതീതി. സംസ്ഥാന സർക്കാറിെൻറ സുഭിക്ഷ കേരളം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് ജൂൺ മാസത്തിലാണ് സി.പി.എം അടയമൺ ലോക്കൽ കമ്മിറ്റിയും കർഷകസംഘം മേഖലാ കമ്മിറ്റിയും സംയുക്തമായി അടമൺ പാടശേഖരത്തിലെ മൂന്നേക്കർ പാടത്ത് കൃഷിയിറക്കിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ആദ്യം വിത്തുവിതച്ചത്. പത്ത് വർഷത്തോളമായി തരിശുകിടന്ന പാടം കർഷകസംഘം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. പഴയകുന്നുമ്മേൽ കൃഷിഭവെൻറ മേൽനോട്ടത്തിൽ ജ്യോതി നെൽവിത്താണ് കൃഷിക്കുപയോഗിച്ചത്.
പ്രതികൂല കാലാവസ്ഥമൂലം സമീപത്തെ പല പാടശേഖരത്തിലും കാറ്റുവീഴ്ച ബാധിച്ചത് പ്രവർത്തകരെ അലട്ടിയിരുന്നെങ്കിലും മഴമാറി മാനം തെളിഞ്ഞതോടെ നൂറുമേനി വിളവ് ലഭിച്ച പാടത്ത് കൊയ്ത്ത് ആരംഭിക്കുകയായിരുന്നു.കൊയ്ത്തുത്സവം സി.പി.എം ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ. രാജേന്ദ്രൻ, ഇ. ഷാജഹാൻ, ലോക്കൽ സെക്രട്ടറി എസ്. സിബി, എസ്. പ്രദീപ്കുമാർ, ഷിജിത്ത്, കെ. സോമൻ, കൃഷി ഓഫിസർ ബീന എന്നിവർ പങ്കെടുത്തു.