യുവാവിനെ തട്ടിക്കൊണ്ടുപോയി മർദനം: മൂന്നുപേർ അറസ്റ്റിൽ
text_fieldsപൂവാർ: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മൂന്നുപേരെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു. അരുമാനൂർ പുറ്റുമ്മൽകാവ് വീട്ടിൽ മോനു ജി.എൽ ദാസ് (29), അരുമാനൂർ കല്ലുവിളവീട്ടിൽ ദേവൻ (27), അരുമാനൂർ ഇടുപടിക്കൽ വീട്ടിൽ ജിത്തു (30) എന്നിവരാണ് അറസ്റ്റിലായത്. പൂവാർ അരുമാനൂർ ആമ്പാടി ജങ്ഷന് സമീപം വലിയവിള ശ്രീപാദം വീട്ടിൽ അച്ചുവിനാണ് (24) മർദനമേറ്റത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ വീട്ടിൽ നിന്ന് അച്ചുവിനെ വിളിച്ചിറക്കിയ സംഘം മർദിച്ച് അവശനാക്കി. തുടർന്ന് സ്കൂട്ടറിൽ കയറ്റി മോനുവിന്റെ ബന്ധുവിന്റെ കെട്ടിയടച്ച വിജനമായ പുരയിടത്തിന് നടുവിലുള്ള പഴയ ഷട്ടിൽ കോർട്ടിൽ കൊണ്ടുപോയി കെട്ടിയിട്ട് മർദിക്കുകയായിരുന്നു. കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഘം അച്ചുവിന്റെ മൊബൈൽ ഫോണിൽ നിന്ന് കൂട്ടുകാരെ വിളിപ്പിച്ച് കാശ് അയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഒളിവിൽപോയ പ്രതികളെ ഞായറാഴ്ച പോത്തൻകോട് നിന്നാണ് അറസ്റ്റുചെയ്തത്.
തിരുവന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി സുദർശൻ കെ.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഷാജി. എസിന്റെ നിർദേശപ്രകാരം പൂവാർ ഇൻസ്പെക്ടർ സുജിത്ത് എസ്.പി, സബ് ഇൻസ്പെക്ടർമാരായ രാജേഷ് .ആർ, അജിത്ത്, ജയകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ശശി നാരായണൻ, ദീപുചന്ദ്രൻ, പ്രശാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്. തട്ടിയെടുത്ത മൊബൈൽ ഫോണും കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്കൂട്ടറും കണ്ടെടുത്തു. പ്രതികളെ തിങ്കളാഴ്ച നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

