കെട്ടുകാഴ്ച: മാർഗനിർദേശവുമായി സർക്കാർ
text_fieldsതിരുവനന്തപുരം: ആരാധനാലയങ്ങളിലെ കെട്ടുത്സവങ്ങൾ സുഗമമായും സുരക്ഷിതമായും നടത്തുന്നതിന് മാർഗനിർദേശങ്ങളുമായി സർക്കാർ. കെ.എസ്.ഇ.ബി സർക്കാറിന് നൽകിയ ശിപാർശകളുടെ അടിസ്ഥാനത്തിൽ ഊർജ വകുപ്പാണ് ഉത്തരവിറക്കിയത്. ബന്ധപ്പെട്ട വകുപ്പുകളുമായി നടന്ന കൂടിയാലോചകൾക്കുശേഷം മാർഗനിർദേശങ്ങൾക്ക് അന്തിമരൂപം നൽകുകയായിരുന്നു.
വിദൂരസ്ഥലങ്ങളിൽനിന്ന് ഉത്സവ സ്ഥലങ്ങളിലേക്ക് വാടക കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നതാണ് മാർഗനിർദേശത്തിൽ പ്രധാനം. കൊണ്ടുവരേണ്ട സാഹചര്യമുണ്ടായാൽ വൈദ്യുതി ലൈനുകൾ അഴിക്കാതെ കെട്ടുകാഴ്ചകളുടെ ഉയരം നിജപ്പെടുത്തി പൊലീസിന്റെയും കെ.എസ്.ഇ.ബിയുടെയും മുൻകൂർ അനുമതി വാങ്ങണം. അനുമതിയില്ലാതെ കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
ആരാധനാലയ ഭരണസമിതികൾ കെട്ടുകാഴ്ചകൾ സംബന്ധിച്ച അപേക്ഷകൾ ക്രോഡീകരിച്ച് ഒരു മാസത്തിന് മുമ്പെങ്കിലും കെ.എസ്.ഇ.ബിക്ക് നൽകണം. അപേക്ഷയിൽ നൽകിയ വിശദാംശങ്ങളിൽ മാറ്റംവരാത്ത വിധമാകണം കെട്ടുത്സവങ്ങൾ നടത്തേണ്ടത്. കെട്ടുത്സവത്തിന്റെ ഉയരം കൂട്ടുന്നത് ഒഴിവാക്കണം. വൈദ്യുത ലൈനുകൾ അഴിച്ചുമാറ്റുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിനുണ്ടാകുന്ന ചെലവ് ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കും. ജില്ലതലത്തിൽ കലക്ടറുടെ അധ്യക്ഷതയിൽ സമിതി രൂപവത്കരിച്ച് കെട്ടുത്സവങ്ങളുമായി ബന്ധപ്പെട്ട സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കും.
പരമ്പരാഗതമായി ഉയരംകൂടിയ കെട്ടുകാഴ്ചകൾ നിലനിൽക്കുന്ന ആരാധനാലയങ്ങളിൽ വൈദ്യുതി ലൈനുകൾ അഴിക്കുന്നത് ഒഴിവാക്കാൻ ഭൂഗർഭ കേബിളുകൾ പോലുള്ള സ്ഥിരം ക്രമീകരണം എർപ്പെടുത്താൻ കെ.എസ്.ഇ.ബി നടപടി സ്വീകരിക്കണമെന്ന് ഉത്തരവിൽ നിർദേശിച്ചു. പൊതുജനം ധാരാളമായി ഒത്തുചേരുന്ന സ്ഥലങ്ങളിലെ ദീപാലങ്കാരങ്ങള്‍ സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണം. ഉത്സവങ്ങളുമായി ബന്ധപ്പെട്ട ആർച്ചുകൾ കെട്ടുന്നത് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കമെന്നും മാർഗനിർദേശത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

