കേശവദാസപുരം-ഉള്ളൂര്‍ റോഡ് ശോച്യാവസ്ഥയിൽ
text_fieldsകേശവദാസപുരം-ഉള്ളൂര്‍ റോഡില്‍ വാഹന യാത്രികര്‍ക്ക്
ഭീഷണി ഉയര്‍ത്തുന്ന കുഴികൾ
മെഡിക്കല്‍ കോളജ്: മാസങ്ങളായി തകര്‍ന്നുകിടക്കുന്ന കേശവദാസപുരം-ഉള്ളൂര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിന്റെ നിലവിലെ അവസ്ഥയില്‍ വാഹന യാത്രികര്‍ക്ക് ഭീഷണി കൂടാതെ സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
ഉള്ളൂര്‍ ജങ്ഷനില്‍നിന്ന് നഗര-പ്രാന്ത റോഡിലേക്ക് കടക്കുന്ന പി.ഡബ്ല്യു.ഡി റോഡാണ് ദുരവസ്ഥയിലായത്. രണ്ട് മാസം മുമ്പ് റോഡ് പൊട്ടിപ്പൊളിഞ്ഞ വേളയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും നടപടികള്‍ ഒന്നും കൈക്കൊണ്ടില്ലെന്നാണ് ആക്ഷേപം.
മഴ കടുത്തതോടെ കുഴകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ദുരിതമാകുന്നു. കേശവദാസപുരത്തുനിന്ന് ഉള്ളൂര്‍, മെഡിക്കല്‍ കോളജ് ഭാഗങ്ങളിലേക്കും തിരിച്ചും നൂറ് കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി സഞ്ചരിക്കുന്നത്. കെ.എസ്.ആര്.ടി.സി-സ്വകാര്യ ബസുകളും നിരന്തരം സര്‍വിസ് നടത്തുന്ന റോഡാണ് കുളമായത്.
കേശവദാസപുരത്തുനിന്ന് പാലം കടന്ന് ഉള്ളൂര്‍ ഭാഗത്തേക്ക് പോകുന്ന ഇരുചക്ര വാഹനങ്ങളാണ് ഏറെ അപകടഭീഷണി നേരിടുന്നത്. മഴക്കാലത്തിനു മുമ്പേ റോഡ് അറ്റകുറ്റപ്പണി നടത്താനുള്ള മനോഭാവം അധികൃതര്‍ പുലര്‍ത്തിയില്ല. ദിനംപ്രതി കുഴികള്‍ വലുപ്പംകൂടി വരുന്നതിനാല്‍ രാത്രി യാത്രയും അപകടത്തിന്റെ നിഴലിലാണ്.

