കേരള സർവകലാശാല യുവജനോത്സവം; അവസാന ദിവസവും മുഖ്യവേദിയിൽ നാടകീയരംഗം
text_fieldsസങ്കടനൃത്തം... കേരള സർവകലാശാല യുവനോത്സവം ‘കലാപോത്സവ’മായതോടെ വൈസ് ചാൻസലർ മേള റദ്ദാക്കി. മാസങ്ങളുടെ പരിശീലനവും സ്വപ്നവുമായി എത്തിയ വിദ്യർഥികളിൽ ഇതുണ്ടാക്കിയ നിരാശക്ക് അതിരില്ല. മത്സരം ഉപേക്ഷിച്ചതറിഞ്ഞ് സെനറ്റ് ഹാളിലെ നൃത്തവേദിയിൽ പൊട്ടിക്കരയുന്ന സ്വാതിതിരുനാള്‍ സംഗീത കോളജിലെ സംഘനൃത്ത മത്സരാർഥി ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവം തുടങ്ങിയതുമുതൽ സർവകലാശാല ആസ്ഥാനത്ത് നിലനിന്ന സംഘർഷാവസ്ഥ സമാപന ദിനമായ തിങ്കളാഴ്ച അതിരുവിടുമോയെന്ന ആശങ്കയിലായിരുന്നു അധികൃതർ. കഴിഞ്ഞ ദിവസങ്ങളിലെ കൈയാങ്കളിയും വാക്കേറ്റവും തടയാൻ വൻസുരക്ഷ സംവിധാനമൊരുക്കിയിരുന്നു. രാവിലെ മുതൽ സെനറ്റ് ഹാളിലെ മുഖ്യവേദി സാക്ഷ്യംവഹിച്ചത് നാടകീയ രംഗങ്ങൾക്ക്. തിരുവാതിരയുടെയും മാർഗംകളിയുടെയും ഫലം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യൂനിവേഴ്സിറ്റി, ഗവ. വിമൻസ് കോളജ് വിദ്യാർഥിനികൾ ഹാളിലെ വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ ഞായറാഴ്ചയിൽനിന്ന് തിങ്കളാഴ്ചയിലേക്ക് മാറ്റിയ സംഘനൃത്തം മുടങ്ങി. ഉച്ചയോടെ തിരുവാതിര, മാർഗംകളി മത്സരഫലം റദ്ദാക്കിയതായി കോളജ് പ്രതിനിധികളുടെ യോഗത്തിനുശേഷം അപ്പലേറ്റ് കമ്മിറ്റി അറിയിച്ചു. ഇതോടെ വിദ്യാർഥികൾ സെനറ്റ് ഹാളിൽ കുത്തിയിരുന്നു.
പ്രതിഷേധത്തിനിടെ പലതവണ വേദിയിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. സംഘാടകരായ എസ്.എഫ്.ഐ പ്രവർത്തകരും യൂനിവേഴ്സിറ്റി കോളജ് യൂനിയൻ ഭാരവാഹികളും തമ്മിലും വാക്കേറ്റമുണ്ടായി. പൊലീസും സർവകലാശാല ഉദ്യോഗസ്ഥരും ഇടപെട്ട് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചു. സംഘനൃത്തം മുടങ്ങിയതിനെതിരെ വിദ്യാർഥിനികൾ വേദിയിൽ പ്രതിഷേധ നൃത്തം അവതരിപ്പിച്ചു. കൈക്കൂലി വാങ്ങി മത്സരഫലം അട്ടിമറിച്ചതിന് വിധികർത്താവിനെ വേദിയിൽനിന്ന് അറസ്റ്റ് ചെയ്തതതടക്കം അസാധാരണ സംഭവവത്തിനും വേദിയായി. പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ വലിച്ചുനീക്കി അറസ്റ്റ് ചെയ്ത പൊലീസ് എസ്.എഫ്.ഐ പ്രവർത്തകർക്ക് ഒത്താശ ചെയ്തതായി വിമർശനമുയർന്നു. കെ.എസ്.യുക്കാരെ സംരക്ഷിക്കാൻ കോൺഗ്രസ് രംഗത്തിറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. പ്രതിഷേധം കനത്തതോടെ കെ.എസ്.യു ലോകോളജ് യൂനിറ്റ് സെക്രട്ടറി നിതിൻ തമ്പി ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റു. ഇതിൽ 16 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. വേദിയിലെ ഗുരുതര സാഹചര്യവും വിദ്യാർഥികളുടെ സുരക്ഷയും പരിഗണിച്ച് കലോത്സവത്തിന്റെ തുടർസംഘാടനം നിർത്തിവെക്കാനായിരുന്നു വി.സിയുടെ നിർദേശം. സമാപന സമ്മേളന തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ പറഞ്ഞു.
കലാപക്കല...യുവനോത്സവം അപ്രതീക്ഷിതമായി നിർത്തിവെച്ചപ്പോൾ നിരാശരായ മത്സരാർഥികൾ ആദ്യമൊന്ന് തളർന്നു. ഞൊടിയിടയിൽ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി രാഷ്ട്രീയം കലർത്തി കലയെ നശിപ്പിക്കരുതെന്ന മുന്നറിയിപ്പോടെ പ്രതിഷേധനൃത്തം സംഘടിപ്പിച്ച് പുതിയ സമരമുഖം തുറന്നു. കേരള യൂനിവേഴ്സിറ്റി സെനറ്റ് ഹാളിലെ നൃത്തവേദിയിൽ സ്വാതിതിരുനാള്‍ സംഗീത കോളജിലെ വിദ്യാർഥികൾ അവതരിപ്പിച്ച ‘കലാപക്കല’ നൃത്തം. നിറകൈയടിയോടെയാണ് സദസ്സ് പ്രതിഷേധ നൃത്തത്തെ നെഞ്ചേറ്റിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

