ഗർഭസ്ഥ ശിശുവിന്റെ മരണം: അസ്വാഭാവിക മരണത്തിന് കേസ്
text_fieldsRepresentational Image
കാട്ടാക്കട: ചൂണ്ടുപലകയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ കാട്ടാക്കട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കാട്ടാക്കട കിള്ളി തൊളിക്കോട്ടുകോണം വീട്ടിൽ ഫാത്തിമ മിന്നത്തിന്റെ കുട്ടി മരിച്ചതിനെതുടര്‍ന്ന് ഭര്‍ത്താവ് സെയ്യദ് അലി നല്കിയ പരാതിയെതുടര്‍ന്നാണ് കേസെടുത്തത്. ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ഞായറാഴ്ച സ്വകാര്യ ആശുപത്രിയിൽ ബന്ധുക്കൾ പ്രതിഷേധിച്ചു. തുടർന്ന് ചികിത്സാ പിഴവെന്ന് ആരോപിച്ച് പരാതി നൽകിയത്. ആശുപത്രിയുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് കണ്ടെത്തിയാൽ മേല്നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
ആഴ്ചകളായി ചൂണ്ടുപലകയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഏഴ് മാസം ഗർഭിണിയായിരുന്ന പെൺകുട്ടിയെ ഞായറാഴ്ച പുലർച്ചയാണ് എസ്.എ.ടി ആശുപത്രിയിലേക്ക് റഫർ ചെയ്തത്. അവിടെ എത്തിയപ്പോൾ കുഞ്ഞ് രണ്ട് മണിക്കൂറുകൾക്ക് മുമ്പ് മരിച്ചതായി ഡോക്ടർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. ഗർഭാവസ്ഥയിൽ കുഞ്ഞ് മരിച്ച വിവരം ബന്ധുക്കളിൽനിന്ന് മറച്ചുവെച്ചതായും കുട്ടി മരിച്ചതിൽ ചികിത്സാ പിഴവുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.