കാട്ടാക്കട ബസപകടം; കനാൽ ഭിത്തിയിടിഞ്ഞിട്ട് മാസങ്ങൾ, ഒഴിവായത് വൻദുരന്തം
text_fieldsകാട്ടാക്കട: കെ.എസ്.ആര്.ടി.സി ബസുകള്‍ കൂട്ടിയിടിച്ച അപകടത്തില്‍ വന്‍ദുരന്തം ഒഴിവായത് തലനാരിഴക്ക്. ബസുകള്‍ കൂട്ടിയിടച്ചപ്പോള് അല്പം തെന്നിയിരുന്നെങ്കില്‍ ബസ് നെയ്യാര്‍ കനാലില്‍ പതിച്ച് വന്‍ ദുരന്തുണ്ടായേനെ. ഭിത്തി ഇടിഞ്ഞതോടെ റോഡിന്റെ വീതി കുറഞ്ഞ അവസ്ഥാണ് ഇപ്പോൾ. കഷ്ടിച്ച് രണ്ട് വാഹനങ്ങള്‍ കടന്നുപോകാന്‍ തക്ക വീതിയുള്ള നെയ്യാര്‍ഡാം തുണ്ടുനടയില് അപകടമില്ലാത്ത ദിവസം ഇല്ലെന്ന് നാട്ടുകാർ പറയുന്നു.
നെയ്യാര്‍ഡാം വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നതിന്റെ നവീകരണം വൈകിയതാണ് ഇതിന് കാരണം. വലിയ അനാസ്ഥയാണ് ഇക്കാര്യത്തിൽ സംഭവിച്ചത്. വകുപ്പുകള്‍ തമ്മിലെ ഏകോപനമില്ലായ്മയും തമ്മിൽപോരും കാരണം കള്ളിക്കാട്-നെയ്യാർഡാം റോഡിൽ തുണ്ടുനടയില് നെയ്യാര്‍ കനാലിന്റെ വശത്തുള്ള റോഡിന്റെ പാര്‍ശ്വഭിത്തി നിർമാണം അനന്തമായി നീളുകയാണ്.
ഇവിടെ അപകടമുന്നറിയിപ്പായി നാടകെട്ടി തിരിച്ചിട്ടുതന്നെ മാസങ്ങളേറെയായി. ഈ സ്ഥലത്താണ് ഞായറാഴ്ച കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇവിടെ ഇടിഞ്ഞ കനാൽ ബണ്ടിന് പാർശ്വഭിത്തി പണിയാൻ വൈകുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. രണ്ട് വർഷത്തോളമായി ഇവിടെ കനാൽ ബണ്ട് ഇടിഞ്ഞിട്ട്. കഷ്ടിച്ച് രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാ വുന്ന റോഡിൽ മണ്ണിടിയുന്നതുകാരണം റോഡിന്റെ വീതി വീണ്ടും കുറഞ്ഞു.
വേർതിരിച്ച ഭാഗത്തിന് മുമ്പ് വളവായതിനാൽ വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് ഇവിടെ എത്തുമ്പോൾ മാത്രമേ റോഡിന്റെ സ്ഥിതി അറിയാനാകൂ. ഇതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രധാന റോഡ് എന്നതിന് പുറമേ പന്ത, അമ്പൂരി, മായം, വ്ളാവെട്ടി, തുറന്ന ജയില്‍ എന്നിവിടങ്ങളിലേക്ക് പോകാനുള്ള നൂറുകണക്കിന് വാഹനങ്ങളും കടന്ന് പോകുന്നത് ഈ വഴിയാണ്.
മഴക്കാലത്താണ് നെയ്യാർഡാം വലതുകര കനാലിനോട് ചേർന്നുവരുന്ന ഈ ഭാഗത്തെ മണ്ണിടിയുന്നത്. മണ്ണിടിയുന്നത് ഒഴിവാക്കാൻ ഇവിടെ സംരക്ഷണ ഭിത്തി കെട്ടാനും, ഇരുമ്പ് കൈവരി സ്ഥാപിക്കാനും ജലസേചന വകുപ്പ് 45 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ജോലികൾ ആരംഭിക്കാൻ വൈകുകയാണ്.
നാട്ടുകാരും ഫയർഫോഴ്സും നടത്തിയത് കൈമെയ് മറന്ന രക്ഷാപ്രവർത്തനം
കാട്ടാക്കട: വലിയ ശബ്ദംകേട്ട് പുറത്തിറങ്ങിയവർ കണ്ടത് ബസുകൾക്കുള്ളിൽ കൂട്ടനിലവിളിയും കരച്ചിലും. ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരും സമീപവാസികളും ഒരു നിമിഷം പോലും പാഴാക്കാതെ രക്ഷാപ്രവർത്തനത്തിറങ്ങി. എന്നാൽ ഡ്രൈവർ സീറ്റിൽ കുടുങ്ങിപ്പോയ ഡ്രൈവർമാരെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. നെയ്യാർഡാം, കാട്ടാക്കട, ചാക്ക, രാജാജി നഗർ എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് യൂനിറ്റുകൾ എത്തി.
ഇതിനിടെ നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റവരെ ആംബുലൻസുകളിലും സ്വകാര്യ വാഹനങ്ങളിലും ആശുപത്രികളിലെത്തിച്ചു. ഫയർഫോഴ്സ് സംഘം മണിക്കൂറോളം പണിപ്പെട്ടാണ് ഡ്രൈവർ വിജയകുമാറിനെ പുറത്തെടുത്തത്. അരക്കുതാഴെ സ്റ്റിയറിങിനും സീറ്റിനുമിടയിൽ കുടുങ്ങിയതാണ് രക്ഷാപ്രവർത്തനം സങ്കീർണമാക്കിയത്. കട്ടിങ് മെഷീനുകൾ ഉപയോഗിച്ച് മുൻവശം പൊളിച്ചുമാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതതടസമായി കിടന്ന ബസുകളെ പണിപ്പെട്ട് മാറ്റിയാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. കള്ളിക്കാട്- നെയ്യാർ റോഡിൽ ഇതുകാരണം മണിക്കൂറോളോം ഗതാഗതവും തടസപ്പെട്ടു. ഇത് പരിക്കേറ്റവരെ ആശുപത്രിലെത്തിക്കുന്നതിനും തടസമായി.
ഡ്രൈവർമാരടക്കം 18 പേർ മെഡിക്കൽ കോളജിൽ
കാട്ടാക്കട: നെയ്യാർഡാമിനടുത്ത് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് ബസുകളിലെയും ഡ്രൈവർമാരടക്കം 18 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലെ ഗീയർ ബോക്സിനും സ്റ്റീയറിങിനും ഇടയിൽ കാൽ കുടുങ്ങിയ ഡ്രൈവർ മണിക്കുട്ടൻ എന്ന വിജയകുമാറിനെ (42) അഗ്നിരക്ഷാ സേനയും ജീവനക്കാരും ചേർന്ന് ഒരു മണിക്കൂറോളമെടുത്ത് ബസിൻറെ മുൻഭാഗം വെട്ടിപ്പൊളിച്ച് നടത്തിയ രക്ഷാപ്രവർത്തനത്തിന് ശേഷമാണ് പുറത്തെടുത്തത്.
ഫാസ്റ്റ് ബസിലെ ഡ്രൈവർ അമ്പലത്തിൻകാല സ്വദേശി നാഗരാജൻ, കണ്ടക്ടർ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി റീന, ലോക്കൽ ബസിലെ കണ്ടക്ടർ വീരണകാവ് സ്വദേശി അജേഷ് ആൽബർട്ട്, യാത്രക്കാരായ ലീല, സലോമി(കോലിയക്കോട് ), ശ്രീകല, രേഷ്മ എസ് നായർ(തേക്കുപാറ), അബ്ദുൽ ജബ്ബാർ(പന്ത), രാധ, സുജാത(കണ്ടംതിട്ട), നിർമലാദേവി(ചീനിക്കാല), ശാസ്തിക, പദ്മാവതി, വസന്ത, വാസന്തി (നെയ്യാർഡാം), ഷീജ, സോന(ആറുകാണി) എന്നിവരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

