കന്യാകുമാരി; വിനോദസഞ്ചാരികളെ വലച്ച് ബോട്ട് സർവീസ് മുടക്കം; കടകളിൽ പഴകിയ ഭക്ഷണം
text_fieldsകന്യാകുമാരി: സ്കൂൾ അവധിക്കാല സീസൺ തുടങ്ങിയതോടെ കന്യാകുമാരിയിൽ വിനോദസഞ്ചാരികളെ വലച്ച് ഷിപ്പിങ്ങ് കോർപ്പറേഷന്റെ ബോട്ട് സർവിസ് മുടങ്ങുന്നു. ഞായറാഴ്ച അഭൂതപൂർവ്വമായ തിരക്കാണ് കന്യാകുമാരിയിൽ അനുഭവപ്പെട്ടത്. രാവിലെ മുതൽക്ക് വിവേകാനന്ദപ്പാറയും തിരുവള്ളുവർ പ്രതിമയേയും ബന്ധിപ്പിക്കുന്ന കണ്ണാടിപ്പാലം കാണാനും അതിൽ കൂടി യാത്ര ചെയ്യാനും മൂന്ന് കിലോമീറ്റർ ദൂരം ക്യൂവിൽ ആളുകൾ നിൽക്കുന്നതിനിടയിൽ കടലിൽ ജലനിരപ്പ് താണു എന്ന് പറഞ്ഞ് ബോട്ട് സർവീസ് നിറുത്തിവച്ചു.
എന്നാൽ ആകെയുള്ള നാല് ബോട്ടുകളിൽ രണ്ടെണ്ണം അറ്റകുറ്റപണികൾക്കായി ദിവസങ്ങൾക്ക് മുമ്പ് തന്നെ സർവീസ് നടത്തുന്നില്ല. ബാക്കി ഉള്ള രണ്ട് ബോട്ടുകളിൽ ഒന്ന് കൂടി പെട്ടെന്ന് കേടായതു കാരണം ഒരു ബോട്ട് വച്ച് ഇത്രയും ടൂറിസ്റ്റുകളെ കൊണ്ട് പോകാനും വരാനും കഴിയാത്തതു കാരണമാണ് ജലനിരപ്പിന്റെ പേര് പറഞ്ഞ് അധികൃതർ ബോട്ട് സർവീസ് നിറുത്തേണ്ടിവന്നതെന്നാണ് അനദ്യോഗികമായി അറിയാൻ കഴിഞ്ഞത്.
ഇതിനിടയിൽ ശനിയാഴ്ച ഹോട്ടലുകൾ, ഭക്ഷണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജില്ല ഭക്ഷ്യ വകുപ്പ് ഓഫീസർ ചെന്തിൽ കുമാർ, അഗസ്തീശ്വരം മേഖല ഭക്ഷു വകുപ്പ് ഓഫീസർ ശക്തിമുകൻ എന്നിവർ നടത്തിയ പരിശോധനയിൽ എട്ട് കിലോ പഴകിയ ഇറച്ചിയും നൂഡിൽസും പിടിച്ചെടുത്തു അതുപോലെ നിരോധിത പുകയില, പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവയും പിടിച്ചെടുത്തു.
ആകെ 35 കടകളിലാണ് പരിശോധന നടത്തി 68000 രൂപ പിഴ ഈടാക്കി. പൊതുജനങ്ങൾ പരാതികൾ 9444042322 എന്ന വാട്സ്ആപ്പ് നമ്പരിൽ അറിയിക്കാമെന്ന് അധികൃതർ അറിയിച്ചു. സീസൺ കാലത്ത് മതിയായ ഒരുക്കങ്ങൾ നടത്താത്തതുകൊണ്ട് വൻസാമ്പത്തിക നഷ്ടവും ഒപ്പം ടൂറിസ്റ്റുകളുടെ നിരാശയുമാണ് കന്യാകുമാരിയിൽ കാണാൻ കഴിഞ്ഞത്. ഏപ്രിൽ മാസം കണ്ണാടിപ്പാലം അറ്റകുറ്റ പണികൾക്കായി അഞ്ച് ദിവസം ഈസ്റ്റർ അവധിക്കാലത്ത് പ്രവേശനം നിറുത്തി വച്ചതും വിമർശനത്തിന് ഇടയാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.