കൊട്ടിക്കലാശത്തിനിടെ ഏറ്റുമുട്ടൽ; പത്ത് പേർക്ക് പരിക്ക്
text_fieldsപരിക്കേറ്റ എൽ.ഡി.എഫ് പ്രവർത്തകനെ ഒ.എസ്. അംബിക എം.എൽ.എ സന്ദർശിക്കുന്നു
കല്ലമ്പലം: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടയിൽ യു.ഡി.എഫ്- എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്കേറ്റു. അഞ്ച് യു.ഡി.എഫ് പ്രവർത്തകർക്കും അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും ആണ് പരിക്ക്. യു.ഡി.എഫിന്റെ മണമ്പൂർ ജില്ല പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥി നബീൽ കല്ലമ്പലം ആശുപത്രിയിൽ ചികിത്സതേടി. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അജിത്, അരുൺ, അഖിൽ, ചന്തു എന്നിവരെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കണ്ണിനും തലക്കും മുതുകിലും പരിക്കേറ്റിട്ടുണ്ട്. യു.ഡി.എഫ് പ്രവർത്തകർ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.
ഞായറാഴ്ച വൈകുന്നേരം ആറോടെ കൊട്ടിക്കലാശ സമയത്ത് ആയിരുന്നു സംഘർഷം. യു.ഡി.എഫ് ജില്ലപഞ്ചായത്ത് സ്ഥാനാർഥിയുടെ റോഡ് ഷോ ഇവിടെ എത്തിയിരുന്നു. പ്രകോപനപരമായ മുദ്രാവാക്യംവിളി എൽ.ഡി.എഫ് പ്രവർത്തകർ ചോദ്യംചെയ്തതോടെയാണ് തർക്കം ഉണ്ടായത്. നിമിഷങ്ങൾക്കുള്ളിൽ പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിലേക്ക് നീങ്ങി. ദേശീയപാതയിൽ പ്രവർത്തകർ തമ്മിലടിച്ചു.
സമാധാനപരമായി കൊട്ടിക്കലാശത്തിൽ ഏർപ്പെട്ടിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കോൺഗ്രസ് സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു എന്നാണ് എൽ.ഡി.എഫ് ആക്ഷേപം.
താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രവർത്തകരെ ഒ.എസ്. അംബിക എം.എൽ.എ സന്ദർശിച്ചു. ഇരു വിഭാഗങ്ങളുടെയും പരാതിയിൽ കല്ലമ്പലം പൊലീസ് കേസെടുത്തു.
സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

