പ്രതിയുടെ വീട്ടില്‍ നിന്ന് സ്വർണം മോഷ്ടിച്ച കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തുടരന്വേഷണം
text_fieldsതിരുവനന്തപുരം: കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് 56 പവന് സ്വര്‍ണവും 70,000 രൂപയും മോഷ്ടിച്ച കേസില്‍ അന്നത്തെ പേരൂര്‍ക്കട സി.ഐ, എസ്.ഐ, പ്രബോഷനറി എസ്.ഐ എന്നിവര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് എസ്.പിക്ക് കോടതി നിർദേശം.
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ശ്വേത ശശികുമാറാണ് കേസ് പരിഗണിച്ചത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലെ ഗുരുതര വീഴ്ചകള്‍ ചൂണ്ടികാണിച്ച കോടതി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബോധപൂർവം രക്ഷിച്ചെടുക്കാന്‍ വേണ്ടിയുളളതാണ് നിലവിലെ അന്വേഷണ റിപ്പോര്‍ട്ടെന്ന് വിലയിരുത്തി.
നിലവിലെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ അന്നത്തെ പ്രൊബോഷണറി എസ്.ഐയും ഇപ്പോള്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് സി.ഐയുമായ സിബി തോമസിനെ നിസാര വകുപ്പുകള്‍ ചുമത്തി പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റകരമായ വീഴ്ച എന്ന നിസാര കുറ്റമാണ് ചുമത്തിയത്.
ഈ വകുപ്പ് പ്രകാരം കുറ്റവാളിക്ക് രണ്ട് വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ ഉളള ശിക്ഷ മതിയാകും. കഞ്ചാവ് കേസിലെ പ്രതി രാമസ്വാമിയുടെ ഭാര്യ ഉഷ രാമസ്വാമിയായിരുന്നു പരാതിക്കാരി. 2009 ജനുവരി 25ന് അവരുടെ വീടിന് സമീപമുളള ചിലയാളുകള്‍ രാമസ്വാമിയെയും മക്കളെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.
അവിടെ എത്തിയ പേരൂര്‍ക്കട പൊലീസ് വീടിന് കാവല്‍ ഏര്‍പ്പെടുത്തിയ ശേഷം രാമസ്വാമിയെും മക്കളെയും ഭാര്യയെും ആശുപത്രിയില്‍ ചികിത്സക്ക് പറഞ്ഞയച്ചു. ഇതിനിടെ അന്നത്തെ സി.ഐയും മണ്ണന്തല സ്വദേശിയുമായ അശോകന്, അന്നത്തെ എസ്.ഐയും ഇപ്പോഴത്തെ കൊല്ലം ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ ഡിവൈ.എസ്.പിയുമായ നസീര്‍ എന്നിവരുടെ അറിവോടെ വീടിനകം പരിശോധിച്ച് സ്വര്‍ണവും പണവുമടങ്ങിയ ബാഗ് കൈവശപ്പെടുത്തി.
ഇതിനെതിരെ ഉഷ നല്കിയ പരാതി കേസിലെ പ്രതിയായ അശോകന് തന്നെ അന്വേഷിക്കുന്ന സ്ഥിതി വിശേഷം ഉണ്ടായി. ഇതിനെതിരെ ഉഷ നിരവധി റിട്ട് പെറ്റീഷന് ഹൈക്കോടതിയിലും ഉന്നത ഉദ്യോഗസ്ഥര്‍ക്കും നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.
പേരൂര്‍ക്കട സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടിക്കാരി നസാറ ബീഗവും ജി.ഡി ചാർജുളള ഉദ്യോഗസ്ഥനായ ഷിഹാബുദീനും, മജിസ്ട്രേറ്റിന് നല്കിയ രഹസ്യമൊഴിയാണ് കേസില്‍ വഴിത്തിരിവായത്. കേസിലെ ദൃക് സാക്ഷികളായ ഉഷയുടെ അമ്മ ഇന്ദിര, സഹോദരി അംബിക, പരാതിക്കാരി ഉഷ എന്നിവരുടെ രഹസ്യമൊഴി ക്രൈംബ്രാഞ്ച് മുക്കിയതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. വീടിനകത്തുളള ആളുകളെ കസ്റ്റഡിയില്‍ എടുക്കുകയോ അവിടെ നിന്ന് മാറ്റുകയോ ചെയ്യുമ്പോള്‍ വീട് ബന്തവസ്സില്‍ എടുക്കാത്ത ഉദ്യോഗസ്ഥരുടെ നടപടിയെ കോടതി വിമര്‍ശിച്ചു.
വീട്ടില്‍ നിന്ന് പരിശോധനയിലൂടെ ലഭിക്കുന്ന സാധനങ്ങള്‍ പട്ടിക തയാറാക്കി 24 മണിക്കൂറിനകം കോടതിയില്‍ എത്തിക്കാതിരുന്നതും സംശയത്തിന് ഇടനല്‍കുന്നുവെന്നാണ് കോടതി നിരീക്ഷണം. പരാതിക്കാരിക്ക് വേണ്ടി അഭിഭാഷകനായ വളളക്കടവ് ജി. മുരളീധരന് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

