പകർച്ചപനി വ്യാപകം; ആശുപത്രികളിൽ തിരക്ക് കൂടി
text_fieldsആറ്റിങ്ങൽ: പനി വ്യാപകമായതോടെ ആശുപത്രികളിൽ തിരക്ക് കൂടി. പ്രതിരോധ സംവിധാനം ഒരുക്കുവാൻ നഗരസഭാ ശ്രമം തുടങ്ങി. വലിയകുന്ന് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രതിദിനം ഏകദേശം 1200 ആയിരുന്നു ഒ.പി നിരക്ക്. ഇപ്പോൾ 1800 മുതൽ 2000 വരെയായി വർധിച്ചു. പനിയുമായി ബന്ധപ്പെട്ട് മാത്രം ദിവസവും 700 ഓളം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. ഇതേ രീതിയിൽ സ്വകാര്യ ആശുപത്രികളിലും തിരക്കു കൂടിയിട്ടുണ്ട്. മഴ ആരംഭിച്ചതോടെയാണ് പനി ബാധിതർ വർധിച്ചത്.
നിലവിൽ പനിയും ജലദോഷ ലക്ഷങ്ങളും ഒപ്പം ദഹനക്കേട് മൂലമുള്ള ഛർദ്ദി, വയറിളക്കം എന്നീ രോഗ ലക്ഷണങ്ങളും ഉൾപ്പെടുന്ന പകർച്ച പനി ആണ് കൂടുതലും കണ്ട് വരുന്നത്. വീട്ടിൽ ഒരാൾക്ക് വന്നാൽ മറ്റുള്ളവരിലേക്ക് വേഗം വ്യാപിക്കും. ഗുരുതര സ്വഭാവമുള്ളത് അല്ലെങ്കിലും കുട്ടികളിലും പ്രായാധിക്യം ഉള്ളവരിലും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിലും യഥാസമയം ചികിത്സ കിട്ടിയില്ലെങ്കിൽ ഗുരുതരാവസ്ഥ സൃഷ്ടിക്കുമെന്ന് ആരോഗ്യ പ്രവർത്തകരും ചൂണ്ടികാട്ടുന്നു. പനിക്കെതിരെ ആറ്റിങ്ങൽ നഗരസഭ പ്രതിരോധ പ്രവർത്തനം ആരംഭിച്ചു. നഗരസഭ ആരോഗ്യ വിഭാഗവും ഹോമിയോ ആശുപത്രിയും ചേർന്ന് പ്രതിരോധ മരുന്ന് വിതരണം നടത്തും.
ഇതോടൊപ്പം സിദ്ധ, ആയുർവേദ ഡിസ്പെൻസറി കേന്ദ്രങ്ങളിൽ നിന്നും പ്രതിരോധ മരുന്നുകൾ ലഭ്യമാകും. പലതരം പനികളും പകർച്ചവ്യാധികളും വർധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാവരും ആരോഗ്യവിഭാഗം നിർദേശിച്ച പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ചെയർപേഴ്സൻ എം. പ്രദീപ് അറിയിച്ചു.
തിങ്കളാഴ്ച മുതൽ പ്രതിരോധ മരുന്ന് വിതരണം ആരംഭിക്കും. വാർഡുതല സാനിട്ടേഷൻ കമ്മറ്റികളുടെയും നഗരസഭയുടെയും നേതൃത്വത്തിൽ കൊതുകുകളുടെ ഉറവിട നശീകരണം, മലിനജല നിർമാർജനം, പൊതു ഓടകളും ജലാശയങ്ങളും വൃത്തിയാക്കൽ, കാടുകൾ വെട്ടി തെളിക്കൽ തുടങ്ങിയ പ്രവൃത്തികളും പൂർത്തിയാക്കി വരുന്നതായി ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

