മനുഷ്യാവകാശ കമീഷൻ ഇടപെട്ടു;സുമംഗലി കല്യാണമണ്ഡപത്തിൽ അടച്ച ബുക്കിങ് തുക തിരികെ നൽകി
text_fieldsതിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള നന്തൻകോട് സുമംഗലി കല്യാണമണ്ഡപത്തിൽ പണമടച്ച് ബുക്ക് ചെയ്തെങ്കിലും പെൺകുട്ടിയുടെ അമ്മയുടെ അപ്രതീക്ഷിത മരണംകാരണം വിവാഹം മാറ്റിവെക്കേണ്ടിവന്ന സാഹചര്യത്തിൽ ബുക്കിങ് തുക തിരികെ നൽകി. അടച്ച തുകയിൽനിന്ന് 15 ശതമാനം കുറക്കുമെന്നായിരുന്നു ദേവസ്വം ബോർഡിന്റെ ആദ്യ നിലപാട്.
അടച്ച തുക പൂർണമായും തിരികെ കൊടുക്കണമെന്ന മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജി.എസ്.ടി തുക കിഴിച്ച് ബാക്കി പരാതിക്കാരന് മടക്കി നൽകിയതായി ദേവസ്വം കമീഷണർ കമീഷനെ അറിയിച്ചു.
1,00,370 രൂപയാണ് പരാതിക്കാരനായ കവടിയാർ സ്വദേശി ജി. സനൽകുമാർ നൽകിയത്. 60,000 രൂപ മാത്രമേ തിരികെ നൽകൂവെന്ന് ബോർഡ് നിലപാടെടുത്തു. പരാതിക്കാരന്റെ മകളുടെ വിവാഹം നടക്കേണ്ടിയിരുന്ന ദിവസം മറ്റൊരു വിവാഹം പരാതിക്കാരൻ ഇടപെട്ട് ബുക്ക് ചെയ്യിപ്പിച്ചിട്ടും പണം നൽകാനാവില്ലെന്നായിരുന്നു നിലപാട്. ബോർഡിന് സാമ്പത്തിക നഷ്ടം സംഭവിക്കാത്ത സാഹചര്യത്തിൽ പരാതിക്കാരന്റെ വാദം പരിഗണിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ബോർഡിന് നിർദേശം നൽകി.
പരാതിക്കാരന്റെ അപേക്ഷ പ്രത്യേക കേസായി പരിഗണിച്ച് ജി.എസ്.ടി തുകയായ 12,870 രൂപ കിഴിച്ച് ബാക്കി തിരികെ നൽകിയതായി ദേവസ്വം കമീഷണർ അറിയിച്ചു. പരാതിക്കാരൻ തുക കൈപ്പറ്റണമെന്ന് കമിഷൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

