ദുരിതം വിതച്ച് തലസ്ഥാനത്ത് പെരുമഴ
text_fieldsതിരുവനന്തപുരം: തോരാതെ പെയ്ത മഴയിൽ തലസ്ഥാന ജില്ലയിൽ പരക്കെ നാശം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ജനജീവിതം ദുരിതത്തിലായി. റോഡുകളിൽ വെള്ളം കയറിയതോടെ തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗതതടസ്സവുമുണ്ടായി. വ്യാഴാഴ്ച ആരംഭിച്ച മഴ വെള്ളിയാഴ്ച രാത്രിയോടെ ശക്തമാവുകയായിരുന്നു.
മഴക്കൊപ്പം ശക്തമായ കാറ്റും വീശിയതോടെ വൃക്ഷ ശിഖരങ്ങൾ ലൈനുകളിൽ വീണ് പലയിടത്തും വൈദ്യുതി തടസമുണ്ടായി. വെള്ളക്കെട്ട് രൂപപ്പെട്ടയിടങ്ങളിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങാനാകാതെ കുടുങ്ങിയവരെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക കൃഷിനാശവുമുണ്ടായി. തമ്പാനൂരിലെ വെള്ളക്കെട്ട് യാത്രക്കാരെ വലച്ചു. മഴയിൽ റൺവേ കാണാനാകാതെ വന്നതോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനത്തിന്റെ ലാൻഡിങ് വൈകി.
കുവൈത്ത് എയർവേയ്സിന്റെ വിമാനത്തിന്റെ ലാൻഡിങ്ങാണ് ഒരുമണിക്കൂറോളം വൈകിയത്. വൃഷ്ടിപ്രദേശത്ത് മഴ കനത്തതിനെത്തുടർന്ന് അരുവിക്കര ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഒന്ന് മുതൽ അഞ്ചുവരെയുള്ള ഷട്ടറുകൾ ആകെ 100 സെന്റീമീറ്റർ ഉയർത്തി. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജില്ല ഭരണകൂടം ജാഗ്രത നിർദേശം നൽകി. നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ നാലു ഷട്ടറുകളും വെള്ളിയാഴ്ച ഉച്ചയോടെ 10 സെന്റീമീറ്റർ വീതം ഉയർത്തി.
പ്രതികൂല കാലാവസ്ഥ കാരണം പൊൻമുടി ഇക്കോ ടൂറിസം, മങ്കയം ഇക്കോ ടൂറിസം മേഖലകൾ അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ട്രാക്കുകളിൽ വെള്ളക്കെട്ടുണ്ടായെങ്കിലും ട്രെയിൻ ഗതാഗതത്തെ ബാധിച്ചില്ല.
കരമന മേലാറന്നൂരിൽ വീടുകളിൽ വെള്ളംകയറി. ഇവിടങ്ങളിൽ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കിഴക്കേക്കോട്ട, ചാല, കരിമഠം കോളനി, മണക്കാട്, കമലേശ്വരം മേഖലകളിൽ വെള്ളക്കെട്ടുണ്ടായി. കമലേശ്വരം ത്രിമൂർത്തി നഗറിൽ വീടുകളിൽ വെള്ളംകയറി. കനത്ത മഴയിൽ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ വെള്ളം കയറി. ഇതേത്തുടർന്ന് ബലിയിടാനെത്തിയവർ വലഞ്ഞു. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ മഴയെത്തുടർന്ന് വെളളക്കെട്ട് രൂപപ്പെടുന്നത് ഒഴിവാക്കാൻ അധികൃതർ ഇടപെടാത്തതിൽ പ്രതിഷേധം ഉയർന്നു.
നഗരത്തിലെ വെള്ളപ്പൊക്കം: പൊഴിമുറിക്കാൻ വൈകിയത് മുഖ്യകാരണം
തിരുവനന്തപുരം: നഗരത്തിലെ വിവിധ ഭാഗങ്ങളെ വെള്ളത്തിലാക്കിയതിൽ അധികൃതരുടെ അനാസ്ഥയും. വേളി പൊഴിമുറിക്കാൻ വൈകിയതാണ് പല പ്രദേശങ്ങളിലും പെട്ടെന്ന് ജലനിരപ്പുയരാൻ കാരണമായത്. മഴ സാധ്യതയെത്തുടർന്ന് വ്യാഴാഴ്ച രാവിലെ പൊഴിമുറിക്കാൻ കരാറുകാരന് റവന്യഅധികൃതർ നിർദേശം നൽകിയിരുന്നു.
എന്നാൽ പൊഴിമുറച്ചില്ല. മഴ കനത്തതോടെ വെളളിയാഴ്ച രാവിലെയാണ് പൊഴിമുറിച്ചത്. ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കലക്ടർ അനുകുമാരി പറഞ്ഞു. കരാറുകാരന് കാരണംകാണിക്കൽ നോട്ടീസ് നൽകുമെന്നും കലക്ടർ അറിയിച്ചു. മഴക്കെടുതികൾ നേരിടാൻ മന്ത്രി ശിവൻകുട്ടി വെള്ളിയാഴ്ച വിളിച്ചുചേർത്ത യോഗത്തിലും പൊഴിമുറിക്കാത്തത് ചർച്ചയായിരുന്നു. കരാറുകാരന്റേ ഭാഗത്ത് വീഴ്ചവന്നിട്ടുണ്ടെന്നും ആവശ്യമായ നടപടി കലക്ടർ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം രാത്രികൊണ്ട് നഗരത്തെ വെള്ളത്തിൽ മുക്കിയത് ജില്ല ഭരണകൂടമാണെന്ന് കോർപറേഷൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി.പത്മകുമാർ ആരോപിച്ചു.
താനടക്കമുള്ള ജനപ്രതിനിധികൾ മഴ രൂക്ഷമായപ്പോൾ തന്നെ ജില്ല കലക്ടറെയും തഹസിൽദാരെയും ഫോണിൽ വിളിച്ചെങ്കിലും ഫോൺ എടുക്കാൻ പോലും തയാറായില്ല. ജനപ്രതിനിധികൾ മഴ നനഞ്ഞു വെള്ളപ്പൊക്ക സ്ഥലങ്ങളിൽ നിൽക്കുമ്പോൾ പരിഹാരമുണ്ടാക്കേണ്ട ഉദ്യോഗസ്ഥ മേധാവികൾ നിരുത്തരവാദിത്വപരമായി പെരുമാറുന്നത് ഭൂഷണമല്ല. വ്യാഴാഴ്ച വൈകുന്നേരമോ രാത്രിയിലോ വേളി പൊഴി മുറിക്കുന്നതിന് കഴിഞ്ഞിരുന്നെങ്കിൽ രാത്രി ഉണ്ടായ വെള്ളപ്പൊക്കം ഒഴിവാക്കാമായിരുന്നുവെന്ന് പത്മകുമാർ പറഞ്ഞു.
ആമയിഴഞ്ചാൻ തോട്, തെക്കനക്കര കനാൽ, കരിയില തോട് എന്നിവിടങ്ങളിലെ വെള്ളം ഒഴുകി ഇറങ്ങേണ്ട പാർവതിപുത്തനാർ മൺകൂനകളും മരങ്ങളും നിറഞ്ഞ അവസ്ഥയിലാണ്. മഴ തുടങ്ങിയശേഷം മഴക്കാലപൂർവ ശുചീകരണം നടത്തുന്ന നഗര ഭരണകൂടം ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന ആക്ഷേപവും ശക്തമാണ്.
മഴ: ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാർ -മന്ത്രി
തിരുവനന്തപുരം: മഴ കനത്തതുമൂലമുള്ള ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സർക്കാർ തയാറാണെന്ന് മന്ത്രി വി.ശിവൻകുട്ടി. മഴ ശക്തമായതിനെത്തുടർന്ന് ജില്ലയിലെ സ്ഥിതി അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
റവന്യൂവകുപ്പടക്കം അവശ്യ സർവീസിലെ ജീവനക്കാരോട് അത്യാവശ്യമില്ലാത്ത അവധികൾ റദ്ദാക്കി ജോലിക്കെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ വകുപ്പുകൾ അവരുടെ പരിധിയിൽ വരുന്ന പ്രവർത്തനങ്ങൾ വേഗത്തിൽ നടത്താൻ നടപടി സ്വീകരിക്കും. കൺട്രോൾ റൂമുകൾ ഇതിനകം പ്രവർത്തനം തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ്, കലക്ടർ അനുകുമാരി തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ മന്ത്രി ജി.ആർ. അനിൽ ഓൺലൈനായി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

