ചാന്നാങ്കര പത്തേക്കറിൽ ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം
text_fieldsഗുണ്ടകൾ മദ്യപിക്കാനും ചീട്ടുകളിക്കാനും ഉപയോഗിക്കുന്ന പൊതുവഴിയിൽ ടാർപോളിനും ചാക്കുകളും കൂട്ടിയിട്ടിരിക്കുന്നു
കഠിനംകുളം: പട്ടാപ്പകൽ പൊതുവഴി കൈയേറിയുള്ള ഗുണ്ടാസംഘത്തിന്റെ ചീട്ടുകളിയും മദ്യപാനവും അസഭ്യം പറച്ചിലും നഗ്നതാപ്രദർശനവും മൂലം പൊറുതിമുട്ടിയ വീട്ടമ്മമാർ കഠിനംകുളം പൊലീസിൽ പരാതി നൽകി. പൊലീസിലറിയിച്ചതിന് വീട്ടിൽ കയറി പീഡിപ്പിക്കുമെന്ന് ഗുണ്ടകളുടെ ഭീഷണി.
ചാന്നാങ്കര പത്തേക്കർ നിവാസികളായ അഞ്ച് വീട്ടമ്മമാരാണ് പൊലീസിൽ പരാതി നൽകിയത്. തുടർച്ചയായി ഗുണ്ടകളുടെ ശല്യം ഉണ്ടായതോടെയാണ് ഇവർ പൊലീസിൽ അറിയിച്ചത്. എന്നാൽ കഠിനംകുളം പൊലീസ് യഥാസമയം ഇടപെടുന്നില്ലെന്നാണ് വീട്ടമ്മമാർ പറയുന്നത്. നിരവധിതവണ പൊലീസിൽ പരാതിപ്പെട്ടിട്ടും ഫലമില്ലത്രെ. സ്ഥലത്തെത്താൻ വാഹനമില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്.
കൊലക്കേസ് പ്രതി അടക്കമുള്ള സംഘമാണ് പട്ടാപ്പകലും രാത്രിയും പൊതുവഴിയിൽ ചീട്ടുകളിയും മദ്യപാനവും നടത്തുന്നത്. സ്ത്രീകളും കുട്ടികളും പോകുന്ന സമയം നഗ്നത പ്രദർശനവും നടത്താറുണ്ട്. കഴിഞ്ഞദിവസവും ഈ സംഘം നഗ്നതാപ്രദർശനം നടത്തിയ വിവരം അറിയിച്ചെങ്കിലും പൊലീസ് വൈകിയാണ് വന്നത്. തുടർന്ന് ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. തെരുവുവിളക്കില്ലാത്തത് ചൂണ്ടിക്കാട്ടിയപ്പോൾ താമസം മാറാനാണ് പഞ്ചായത്ത് മെംബർ പറഞ്ഞതത്രെ.
വിഷയത്തിൽ ശാശ്വത പരിഹാരമാണ് ഇവരുടെ ആവശ്യം. എന്നാൽ സാമൂഹികവിരുദ്ധരുടെ ശല്യം അറിഞ്ഞപ്പോൾതന്നെ പൊലീസ് സ്ഥലത്തെത്തിയെന്നും പലപ്പോഴും ഈ സംഘങ്ങൾ ഓടി രക്ഷപ്പെടുകയാണ് ചെയ്യുന്നതെന്നും കഠിനംകുളം പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

