കുടപ്പനക്കുന്നില്‍ ഗുണ്ടാവിളയാട്ടം കട ഉടമക്ക് വെട്ടേറ്റു
text_fieldsമണ്ണന്തല: പഴം ആവശ്യത്തിന് പഴുത്തില്ലെന്നു പറഞ്ഞതിന് കടയുടമയെ വെട്ടുകയും മറ്റൊരു വീടിന് മുന്നിൽ വെല്ലുവിളി നടത്തിയശേഷം വാഹനങ്ങൾ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പടെയുളള എട്ടംഗ സംഘത്തിലെ ഏഴുപേരെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു.
കുടപ്പനക്കുന്ന് മഹാത്മ നഗര്‍ എം.എന്‍.ഡബ്ല്യൂ.എ 14 ല്‍ ശരത് (19), മുക്കോല മൈലാമൂട് വീട്ടില്‍ വിഷ്ണു (20), മുക്കോല മൈലാമൂട് വീട്ടല്‍ സൂര്യ (18), മുട്ടത്തറ പരുത്തിക്കുഴി ടി.സി- 43 / 985 അമ്പറ വീട്ടില്‍ സൂര്യനാരായണന് (19), പേരൂര്‍ക്കട ഹാര്‍വിപുരം കോളനിയില്‍ ആദിത്യന് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇതില്‍ ഒരാള്‍ ഒളിവിലാണ്. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെ 3 ഇരുചക്ര വാഹനങ്ങളിയാലി എത്തിയ എട്ടംഗ സംഘം കുടപ്പനക്കുന്ന് ദേവീക്ഷേത്രത്തിനു സമീപമുളള അമ്പഴംകോട് സ്വദേശി പൊന്നയ്യന്റെ കടയില്‍ നിന്ന് ബീഡിയും സിഗരറ്റും വാങ്ങി.
പണം നല്കിയ ശേഷം പഴം എടുത്തു. പഴം ആവശ്യത്തിനു പഴുത്തില്ലെന്ന് പറഞ്ഞയുടന്‍ കുല മുഴുവനായി നശിപ്പിച്ചു. ഇത് വിലക്കിയതിന് വാഹനങ്ങളില്‍ നിന്ന് വെട്ടുകത്തിയും വാളുമായെത്തിയ സംഘം കട വെട്ടിപ്പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഒരാള്‍ വാൾ വീശുകയും വാള് പൊന്നയ്യന്റെ മുഖത്തു കൊണ്ട് ആഴത്തില്‍ മുറിവേല്‍ക്കുകയുമായിരുന്നു. ഈ സമയം തന്നെ മറ്റൊരാള്‍ വെട്ടുകത്തികൊണ്ട് പൊന്നയ്യന്റെ കൈയില്‍ വെട്ടി. പൊന്നയ്യന്‍ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവ ശേഷം അവിടെ നിന്നു പോയ സംഘം രാത്രി 11 മണിയോടെ കുടപ്പനക്കുന്ന് അമ്പഴംകോട് സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ രാജേഷിന്റെ വീടിന് മുന്നിലെത്തുക യായിരുന്നു. രാജേഷ് മുമ്പ് സമാന കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇവിടെ സംഘം മദ്യ ലഹരിയില്‍ അസഭ്യവര്‍ഷം നടത്തുകയും രാജേഷിനെ പുറത്തിറങ്ങിവരാന്‍ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തതായി സമീപവാസികള്‍ പറഞ്ഞു.
രാജേഷ് പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് വീടിനുമുന്നില്‍ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കുകയും രാജേഷിന്റെ കാറും ഓട്ടോ റിക്ഷയും അടിച്ചുതകര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് മുന്നൂറ് മീറ്റര്‍ ചുറ്റളവില്‍ കണ്ണില്‍കണ്ട നിരവധി വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത ശേഷമാണ് സംഘം മടങ്ങിയത്.
മൂന്ന് കാറുകളും രണ്ട് ഓട്ടോകളും ഒരു ബൈക്കും ഉള്‍പ്പെടെ ആറ് വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു. എന്നാല്‍ പൊന്നയ്യന്റെ കടയില്‍ സംഘം പ്രശ്നമുണ്ടാക്കിയ സമയം പൊലീസില്‍ വിവരം അറിയിച്ചിട്ടും പൊലീസ് എത്താന്‍ വൈകിയതാണ് കൂടുതൽ ആക്രമണത്തിലേക്ക് വഴിവെച്ചതെന്ന് ആക്ഷേപമുണ്ട്.
രാജേഷും അക്രമി സംഘവും എതിര് ചേരിയിലുളളവരാണെന്ന് പൊലീസ് പറയുന്നു. പിടിയിലായ പ്രതികളില്‍ പലരും അടുത്തിടെ മണ്ണന്തലയില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടി അപകടം സംഭവിച്ച സംഘത്തിലുള്പ്പെടവരാണെന്നും പൊലീസ് പറഞ്ഞു. മണ്ണന്തല എസ്.എച്ച്.ഒ കണ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ ജുവെനെല്‍ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

