Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

പ്ലാന​റ്റോറിയത്തിന്‍റെ ചിറകരിയാൻ സർക്കാർ, പൈതൃക മ്യൂസിയ കെട്ടിടം കൈമാറാൻ നീക്കം

text_fields
bookmark_border
പ്ലാന​റ്റോറിയത്തിന്‍റെ ചിറകരിയാൻ സർക്കാർ, പൈതൃക മ്യൂസിയ കെട്ടിടം കൈമാറാൻ നീക്കം
cancel

തിരുവനന്തപുരം: വിദ്യാർഥികൾക്കടക്കം തലമുറകൾക്ക് ശാസ്ത്രവിസ്മയങ്ങളുടെ നേർക്കാഴ്ചയൊരുക്കുന്ന തലസ്ഥാനത്തെ പ്ലാനറ്റോറിയത്തിന്റെ ചിറകരിയാൻ സർക്കാർ നീക്കം. ശാസ്ത്ര സാങ്കേതിക മ്യൂസിയം കാമ്പസിലെ സുപ്രധാനവും പൗരാണിക മൂല്യമുള്ളതും പ്ലാനറ്റേറിയത്തിന്റെ അടയാളവുമായ പൈതൃക മ്യൂസിയകെട്ടിടം ഉന്നത വിദ്യാഭ്യാസ കൗൺസിലിന് കൈമാറാൻ അണിയറയിൽ ചരടുവലികൾ സജീവമാണ്. സ്ഥലപരിമിതിയെ തുടർന്ന് ശ്വാസം മുട്ടുന്ന പ്ലാനറ്റോറിയത്തിന്റെ 48.8 സെന്റ് ഭൂമി 2023ലെ സർക്കാർ തീരുമാനപ്രകാരം ഉന്നത വിദ്യാഭ്യാസ കൗൺസിലിന് സ്ഥിരാവകാശ പാട്ടമായി കൈമാറിയതിന് പിന്നാലെയാണ് വീണ്ടും കടുംകൈ നീക്കം. നാഷനൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം നിഷ്കർഷിക്കുന്നത് പ്രകാരം കാറ്റഗറി-ഒന്നിൽ ഉൾപ്പെടുന്ന ശാസ്ത്ര മ്യൂസിയങ്ങൾക്ക് ചുരുങ്ങിയത് ഏഴ് ഏക്കർ സ്ഥല വിസ്തൃതി വേണം. 2023ലെ വെട്ടിമുറിക്കലിന് ശേഷം 4.2 ഏക്കറായി ചുരുങ്ങിയ തലസ്ഥാനത്തെ പ്ലാനറ്റോറിയത്തിൽ നിലവിൽ ഗാലറികളും സന്ദർശക സൗകര്യങ്ങളും വികസിപ്പിക്കാനാകാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് കാമ്പസിനെ വെട്ടിമുറിക്കുന്ന പുതിയ ഏറ്റെടുക്കൽ ശ്രമം.

യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ തലപ്പത്ത് മാറ്റങ്ങൾ വന്നു. ഇതിന് പിന്നാലെയാണ് സർക്കാരിലുള്ള സ്വാധീനം ഉപയോഗിച്ച് 8000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിനായി കൗൺസിൽ നീക്കങ്ങൾ തുടങ്ങിയത്. കെട്ടിടത്തിന്റെ നവീകരണം പൂർത്തിയായെന്നും കെട്ടിടം ഇപ്പോൾ ഉപയോഗിക്കുന്നില്ലെന്നും മന്ത്രിയുടെ ഓഫിസിനെ തെറ്റിദ്ധരിപ്പിച്ചാണ് പൈതൃക കെട്ടിടത്തിനായുള്ള ചരടുവലികളെന്നാണ് വിവരം. അതേസമയം കെട്ടിടത്തിന്റെ നവീകരണം ഇപ്പോഴും പുരോഗമിക്കുകയാണ്. ഏകദേശം മൂന്ന് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവീകരണത്തിന് മുമ്പ് കെട്ടിടത്തിൽ നാല് ശാസ്ത്ര ഗാലറികളാണ് പ്രവർത്തിച്ചിരുന്നത്. നിലവിൽ അവിടെയുണ്ടായിരുന്ന പ്രദർശന വസ്തുക്കളും സാമഗ്രികളും സുരക്ഷിതമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുകയാണ്. നവീകരണ ജോലികൾ പൂർത്തിയാവുന്നതോടെ ഇവയെല്ലാം പുനഃസ്ഥാപിക്കാനും പൂർവാധികം ഭംഗിയോടെ പുതിയ ഗാലറികൾ ആരംഭിക്കാനും ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചിരിക്കെയാണ് കൈകടത്തൽ നീക്കം.

വിദ്യാർഥികൾക്കായുള്ള ശാസ്ത്രവിദ്യാഭ്യാസവും മ്യൂസിയത്തിന്റെ ഭാവി വികസനവും മുൻനിർത്തി തയാറാക്കിയിട്ടുള്ള എ.ഐ, നാനോ ടെക്നോളജി, ബയോ ടെക്നോളജി, ഓഷ്യൻ സയൻസ്, എമേർജിങ് ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ഗാലറികളും ഡോം സിനിമ, ഫ്ലൈയിങ് തിയേറ്റർ തുടങ്ങിയ പദ്ധതികളും സ്ഥലപരിമിതി മൂലം പ്രതിസന്ധിയിലാകുമെന്ന ആശങ്ക ശക്തമാണ്. സർക്കാർ നീക്കത്തിനെതിരെ സംസ്ഥാനത്തെ വിവിധ ശാസ്ത്ര ക്ലബുകൾ, ശാസ്ത്ര പ്രവർത്തകർ, ശാസ്ത്രാസ്വാദകർ, വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ എന്നിവരിൽ നിന്ന് ശക്തമായ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്.

കൗൺസിലിന് എന്തിനാണ് പൈതൃക കെട്ടിടം ?

സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ദൗത്യങ്ങൾ പ്രധാനമായും നയരൂപീകരണം, ഗവേഷണ ഏകോപനം, ഭരണനിർവഹണം എന്നിവ കേന്ദ്രീകരിച്ചുള്ള ഓഫിസ് പ്രവർത്തനങ്ങളാണ്. കൗൺസിലിലെ ജീവനക്കാരിൽ ഭൂരിഭാഗവും ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ സേവനമനുഷ്ഠിക്കുന്നവരാണ്. അതിനാൽ പ്രധാനമായും ആവശ്യമായത് ഓഫിസ് പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ കെട്ടിടസൗകര്യമാണ്. മറുവശത്ത്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും നേരിട്ട് സേവനം നൽകുന്ന സജീവ ശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനമാണ്.

ഗാലറികൾ, പ്രദർശന വസ്തുക്കളുടെ നിർമാണ-പരിപാലന വർക്ക് ഷോപ്പുകൾ, സ്റ്റോർ സൗകര്യങ്ങൾ, വിദ്യാർഥികളുടെ ഭക്ഷണശാല, പൊതുശൗചാലയങ്ങൾ, വാഹന പാർക്കിങ്, തുറസ്സായ പ്രദർശന മേഖലകൾ തുടങ്ങിയ വിപുലമായ അനുബന്ധ സൗകര്യങ്ങൾ മ്യൂസിയത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് അനിവാര്യമാണ്. മ്യൂസിയത്തിന്റെ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും കുറയുന്നത് ഓഫിസ് സ്ഥലത്തിന്റെ കുറവെന്നതിലുപരി പൊതുജന സേവനത്തെയും ശാസ്ത്ര വിദ്യാഭ്യാസ പ്രവർത്തനങ്ങളെയും നേരിട്ട് ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. കൂടാതെ, സാധാരണയായി സയൻസ് മ്യൂസിയം ക്യാമ്പസുകളിൽ മറ്റു സ്ഥാപനങ്ങളൊന്നും പ്രവർത്തിക്കാറില്ലെന്ന കീഴ്വഴക്കവും ഇവിടെ അട്ടിമറിക്കപ്പെടുകയാണ്.

പ്ലാനറ്റോറിറയത്തിന്‍റെ ഭാവി പ്രതിസന്ധിയിൽ

ജനങ്ങളിൽ ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1984-ലാണ് പി.എം.ജിയിൽ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം സ്ഥാപിച്ചത്. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയായ മ്യൂസിയത്തിന്റെ ഒരുഭാഗം എം.എ. ബേബി ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആരംഭിക്കാൻ താൽകാലികമായി വിട്ടുനൽകിയത്. വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്ന ഗണിത ശാസ്ത്ര ഗാലറി ഒഴിപ്പിച്ചായിരുന്നു സ്ഥലം കണ്ടെത്തിയത്. തുടർന്ന് വന്ന സർക്കാരുകൾ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി അവർക്ക് സ്വന്തമായി കാമ്പസ് ആരംഭിക്കുന്നതിന് പി.ടി.പി നഗറിലുള്ള വനം വകുപ്പിന്റെ ഭൂമിയും ഫണ്ടും അനുവദിച്ചെങ്കിലും ഇവിടെത്തന്നെ തുടരുകയായിരുന്നു. ഇതോടെ മ്യൂസിയം വികസന മുരടിപ്പിലാണ്. പലപ്പോഴും മ്യൂസിയം സന്ദർശിക്കാനെത്തുന്നവരുടെ വാഹനങ്ങൾപോലും പാർക്ക് ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

ഭൂമി കുറയ്ക്കുന്നതും പൈതൃക മ്യൂസിയം കെട്ടിടം കൂടി നഷ്ടപ്പെടുന്നതും സംസ്ഥാനത്തെ പ്രധാന ശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭാവി വികസനത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഓരോ വർഷവും മ്യൂസിയം സന്ദർശിക്കുന്നത് ലക്ഷക്കണക്കിന് സ്കൂൾ വിദ്യാർഥികളാണ്.

2023ലെ 48.8 സെന്റ് ഭൂമി കൈമാറ്റത്തോടെ തന്നെ വർക്ക് ഷോപ്പുകൾ, വിദ്യാർഥികളുടെ ഭക്ഷണശാല, പൊതുശൗചാലയങ്ങൾ, 25 ഓളം വരുന്ന ജീവനക്കാരുടെ മുറികൾ തുടങ്ങിയ അനിവാര്യ സൗകര്യങ്ങൾ നഷ്ടപ്പെടുകയും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു. പലപ്പോഴും സ്കൂൾ വിദ്യാർഥികൾ ഭക്ഷണശാലയുടെ അഭാവം മൂലം റോഡിലിരുന്ന് ഭക്ഷണം കഴിക്കുന്ന സാഹചര്യമാണുള്ളത്. ഈ ഭൂമി കൈമാറ്റത്തിനെതിരെ ഐ.എൻ.ടി.യു.സി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കെയാണ് മറ്റൊരു നീക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovernmentHeritage MuseumKerala NewsTrivandrum News
News Summary - Move to hand over heritage museum building
Next Story