വാമനപുരം നദിയിൽ മാലിന്യം അടിഞ്ഞുകൂടുന്നു; നീക്കം ചെയ്യാതെ അധികൃതർ
text_fieldsആറ്റിങ്ങൽ: വാമനപുരം നദിയിൽ മാലിന്യം അടിഞ്ഞുകൂടിയിട്ടും നീക്കം ചെയ്യാതെ അധികൃതർ. വാമനപുരം നദിയിൽ ആറ്റിങ്ങൽ കരിച്ചിയിൽ പനവേലി കടവിന് സമീപമാണ് നദി മാലിന്യത്താൽ മൂടിയത്.മുളയും കാട്ട് മരക്കമ്പുകളും മറ്റ് പാഴ് വസ്തുക്കളും വെള്ളത്തിൽ തടഞ്ഞുകിടന്ന് നദിയുടെ വലിയൊരുഭാഗം മലിനമായി മാറിയിരിക്കുകയാണ്. നിലവിൽ കിലോമീറ്ററോളം ദൂരത്തിൽ മാലിന്യംനിറഞ്ഞ് കിടക്കുകയാണ്. ഒഴുകിവന്ന മുളകളും മറ്റ് മരത്തടികളും നദിയുടെ ഒരുവശത്തുള്ള മുളംകാടുകളിൽ തങ്ങിനിൽക്കും. ഇത് നദിയുടെ വലിയൊരുഭാഗം പൂർണമായി വ്യാപിച്ചു. നിലവിൽ പ്ലാസ്റ്റിക് ഉൾപ്പെടെ ഇതര മാലിന്യങ്ങളും അടിഞ്ഞുകൂടുന്നുണ്ട്. പ്ലാസ്റ്റിക് കുപ്പികളും വലിയതോതിൽ തങ്ങി നിൽക്കുകയാണ്.
ഈ ഭാഗത്തുനിന്നും ഒരു കിലോമീറ്റർ ദൂരത്തിലാണ് വാട്ടർ അതോറിറ്റിയുടെ നിരവധി പമ്പിങ് കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ദിനംപ്രതി ഈ ജലം ഉപയോഗിക്കുന്നത്. ഈ കടവിൽ കടത്തുവള്ള സർവീസും ഉണ്ട്. കടത്ത് വള്ളം ഉപയോഗിക്കുന്നവർ ഈ വെള്ളത്തിൽ ചവിട്ടിയാണ് വള്ളത്തിൽ കയറുന്നതും ഇറങ്ങുന്നതും.
അമീബിക് മസ്തിഷ്കജ്വരം പോലുള്ള അപകടകരമായ രോഗങ്ങൾ ആശങ്ക പരത്തുന്ന കാലത്ത് നദിയിലെ മാലിന്യ പ്രശ്നം ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നദിയുടെ ഇരുകരകളും ജനസാന്ദ്രതയേറിയ മേഖലയാണ്. രോഗങ്ങൾ പടർന്ന് പിടിക്കാനും സാധ്യതയുണ്ട്. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ബന്ധപ്പെട്ട വകുപ്പുകളെ ഉപയോഗപ്പെടുത്തി അടിയന്തരമായി പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് സി.പി.എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എം.പ്രദീപ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

