കൃഷിയിടത്തിനരികിൽ മാലിന്യ നിക്ഷേപം; കർഷകർ പ്രതിസന്ധിയിൽ
text_fieldsപനപ്പള്ളി ഏലക്ക് സമീപം പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ച നിലയിൽ
കല്ലമ്പലം: കൃഷിയിടത്തിന് അരികിലെ അജൈവ മാലിന്യ നിക്ഷേപം കാരണം കർഷകർ പ്രതിസന്ധിയിൽ. പനപ്പള്ളി ഏലായിൽ ആണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന ഏലാക്ക് സമീപത്തുകൂടി റോഡ് കടന്നുപോകുന്നുണ്ട്. ഈ റോഡരികിലായി രാത്രിയിൽ മാലിന്യം കൊണ്ട് തള്ളുകയായിരുന്നു. തെർമോകോൾ, പ്ലാസ്റ്റിക്, മറ്റു നിർമാണ മേഖലയിൽ നിന്നുള്ള മാലിന്യങ്ങളും ഇവയിൽ ഉൾപ്പെടും.
സജീവമായി കൃഷി നടക്കുന്ന ഏലാകളിൽ ഒന്നാണ് പനപള്ളി ഏലാ. ഇവിടുത്തെ വിശാലമായ നെൽപ്പാടങ്ങളും ഇതിനരികിലൂടെയുള്ള പാതയും കാഴ്ച സൗന്ദര്യം പകരുന്നവയാണ്. പ്രതിദിനം നിരവധി പേരാണ് ഈ ഭാഗത്ത് ചിത്രങ്ങൾ പകർത്തുന്നതിനും റീൽസ് ചിത്രീകരിക്കുന്നതിനും എത്തുന്നത്. മനോഹരമായ ഏലക്ക് അരികിലെ വലിയതോതിലുള്ള മാലിന്യ നിക്ഷേപം പ്രകൃതി സൗന്ദര്യത്തിനും ഭീഷണിയാണ്.
മഴക്കാലത്ത് ഈ മാലിന്യങ്ങൾ ഒഴുകി പാടശേഖരത്തിലേക്ക് എത്തുകയും കൃഷിയിടങ്ങൾ കൃഷിക്ക് അനുയോജ്യമല്ലാത്ത അവസ്ഥയിൽ എത്തുകയും ചെയ്യും. ഇതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. രാത്രിയിൽ വാഹനങ്ങളിലാണ് മാലിന്യം കൊണ്ട് തള്ളിയതെന്ന് കരുതപ്പെടുന്നു. പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടിയും അല്ലാതെയും മാലിന്യങ്ങൾ ഉപേക്ഷിച്ചിട്ടുണ്ട്. ഈ മാലിന്യങ്ങൾ ഇവിടെനിന്നും നീക്കം ചെയ്യുകയും മാലിന്യ നിക്ഷേപകരെ കണ്ടെത്തി മാതൃകാപരമായ നടപടി സ്വീകരിക്കുകയും ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

