ജി. കാർത്തികേയൻ മെമ്മോറിയൽ സ്കൂൾ വാടകക്കെട്ടിടത്തിൽതന്നെ
text_fieldsകാട്ടാക്കട: ആദിവാസി വിഭാഗത്തിലെ വിദ്യാർഥികള്‍ക്കുവേണ്ടി 14 വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ജി. കാർത്തികേയൻ മെമ്മോറിയൽ റസി. സ്കൂള്‍ ഇപ്പോഴും വാടകകെട്ടിടത്തില്. അരുവിക്കര മണ്ഡലത്തിൽ ആദിവാസി വിഭാഗമേറെയുള്ള കുറ്റിച്ചല്‍ പഞ്ചായത്തില്‍ പ്രവർത്തനം തുടങ്ങിയ സ്കൂൾ നിലവില്‍ കാട്ടാക്കട മണ്ഡലത്തിലെ മണലിയിലാണ് പ്രവര്‍ത്തിക്കുന്നത്.
2011 ലെ യു.ഡി.എഫ് സർക്കാർ അനുവദിച്ച സ്കൂളിനാണ് ഈ ഗതികേട്. സ്വന്തമായി ഭൂമിയും കെട്ടിടം പണിയാൻ അനുവദിച്ച ഫണ്ടും ഉള്ളപ്പോഴാണ് ലക്ഷങ്ങള്‍ വാടക നല്കി സ്കൂള്‍ പ്രവർത്തിക്കുന്നത്. കുറ്റിച്ചൽ പഞ്ചായത്തിലെ വാലിപ്പാറയിലാണ് സ്കൂളിന് ആദ്യമായി സ്ഥലം കണ്ടെത്തിയത്. അഗസ്ത്യവനത്തിൽ ഉൾപ്പെടുന്ന ഒരുഹെക്ടർ സ്ഥലമാണ് ഇതിനായി അനുവദിച്ചത്. ഇതിനിടെ കോവിഡ് നിയന്ത്ര ണങ്ങൾ വന്നു. ഇതോടെ തുടർനടപടികൾ നിലച്ചു. പിന്നാലെ വിവാദങ്ങളും തലപൊക്കി. പുറം നാട്ടില്‍ നിന്ന് കുട്ടികൾക്ക് എത്തിച്ചേരാൻ ഏറെ ബുദ്ധിമുട്ടുള്ളതാണ് വാലിപ്പാറ എന്നായി ഒരുവിഭാഗം. പിന്നാലെ വനംവകുപ്പ് വാലിപ്പാറയിലെ സ്ഥലം ഏറ്റെടുത്തശേഷം അടുത്തുള്ള പാങ്കാവിൽ ഭൂമി അനുവദിച്ചു.
ഇവിടെ പ്രവൃത്തികൾ തുടങ്ങാൻ മണ്ണ് പരിശോധന നടത്തി. എന്നാൽ ഡി.പി.ആർ ഉൾപ്പെടെ തുടർ നടപടികൾ ഉണ്ടായില്ല. ഇപ്പോൾ പ്രതിമാസം ഒരുലക്ഷത്തിലേറെ വാടക നൽകിയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വാടക ഇനത്തിൽ മാത്രം ചെലവായത് കോടികളാണ്. കോട്ടൂർ വനത്തിലെ പാങ്കാവിൽ വനംവകുപ്പ് അനുവദിച്ച ഭൂമിയിൽ ബഹുനില കെട്ടിടം പണിയാൻ 27.30 കോടി രൂപയാണ് കിഫ്ബിയിൽ നിന്ന് സർക്കാർ അനുവദിച്ചത്. കൺസ്ട്രക്ഷൻ കോർപറേഷനാണ് സ്കൂൾ നിർമാണ ചുമതല. ഡി.പി.ആർ തയാറാക്കി കിഫ്ബിക്ക് സമർപ്പിക്കാൻ ഇനിയും നടപടി ആയിട്ടില്ല. നിലവിൽ വിവിധ ജില്ലകളിൽ നിന്നായി ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലായി 108 പട്ടികവർഗ വിദ്യാർഥികളാണ് ഇപ്പോള്‍ പഠിക്കുന്നത്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റലുകൾ, അധ്യാപകർക്കുള്ള താമസസ്ഥലം, ക്ലാസ് മുറികൾ, കോൺഫറൻസ് ഹാൾ തുടങ്ങിയവ അടങ്ങുന്ന റസിഡന്‍ഷ്യല്‍ സ്കൂള്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ഒരു കോടി രൂപ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ വകയിരുത്തുകയും ചെയ്തു. എന്നാല്‍ പിന്നീടങ്ങോട്ട് എല്ലാം നിലച്ചു.
ഇതിനിടെ കുറ്റിച്ചൽ പഞ്ചായത്തിൽ അനുവദിച്ച മോഡൽ റസിഡൻഷ്യൽ സ്കൂൾ ഇടതു നേതാക്കൾ ഇടപെട്ട് മാറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതായിരോപിച്ച് കോൺഗ്രസ്- സി.പി.എം നേതാക്കൾ തമ്മിൽ സംഘർഷമുണ്ടായി. തുടന്നുണ്ടായ വിവാദ കേസുകളുടെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

