മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധനവള്ളം മറിഞ്ഞു
text_fieldsചിറയിൻകീഴ്: പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധനവള്ളം മറിഞ്ഞ് അപകടം. മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ എട്ടോടെയാണ് അപകടം. വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുള്ള നിത്യസഹായ മാതാ എന്ന വള്ളമാണ് അപകടത്തിൽപെട്ടത്.
മത്സ്യബന്ധനം കഴിഞ്ഞ് തിരികെ കരയിലേക്ക് വരുകയായിരുന്ന വള്ളമാണ് അപകടത്തിൽപെട്ടത്. വള്ളം ശക്തമായ തിരയിൽ തലകീഴായി മറിയുകയായിരുന്നു. ഹാർബർ പ്രവേശനകവാടത്തിന് മുന്നിൽ കടലിലായിരുന്നു അപകടം. വള്ളത്തിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും വെട്ടുതുറ സ്വദേശികളുമായ ശ്യാം, അഭിജിത്ത്, ചിറയിൻകീഴ് സ്വദേശി അഭി എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടവിവരമറിഞ്ഞ് മറ്റൊരു വെള്ളത്തിൽ മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനായി തിരിച്ചു. ഈ വള്ളവും തിരയിൽപെടുകയും രക്ഷാപ്രവർത്തനത്തിന് പോയവർ അഴിമുഖത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു. ഇവർ മത്സ്യബന്ധനത്തിനായി വന്ന വള്ളത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. ആദ്യ അപകടത്തിൽപ്പെട്ട വള്ളത്തിലുള്ളവരെയും മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു.
മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിലേക്ക് വരവേ ശക്തമായ തിരയിലും കാറ്റിലും പെട്ട് വള്ളം നിയന്ത്രണം വിടുകയായിരുന്നു. മറ്റുവള്ളങ്ങൾ സ്ഥലത്തെത്തിച്ച് അപകടത്തിൽപെട്ട വള്ളത്തെ റോപ്പ് കെട്ടി വലിച്ച് ഹാർബറിലേക്ക് അടുപ്പിക്കാൻ ശ്രമിക്കവേ വീണ്ടും തിരയടിച്ചതോടെ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട നാല് മത്സ്യത്തൊഴിലാളികളും തിരയിൽപെട്ടു. ഇവർ പിന്നീട് 200 മീറ്ററോളം ഉൾക്കടലിലേക്ക് നീന്തി മറ്റ് വള്ളങ്ങളിൽൽ കയറി രക്ഷപ്പെടുകയായിരുന്നു.
പൊഴിമുഖത്തുനിന്ന് കരയിലേക്ക് നീന്താൻ ശ്രമിച്ചാൽ തിരയിൽപെട്ട് പാറക്കൂട്ടത്തിൽ വന്നിടിക്കാൻ സാധ്യതയുണ്ട്. ഇത് അപകടം സൃഷ്ടിക്കുന്നതിനാലാണ് ഉൾക്കടലിലേക്ക് നീന്താൻ ശ്രമിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മറിഞ്ഞ വള്ളം ഹാർബറിൽ എത്തിച്ചു. നിറയെ മത്സ്യവുമായാണ് വള്ളം അഴിമുഖത്തേക്ക് പ്രവേശിച്ചത്. ഈ മത്സ്യം പൂർണമായും കൂടാതെ വലയും നഷ്ടപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

