കടൽ കടന്ന് കരിമീനും വരാലും; ആഗോള ശ്രദ്ധയിൽ നെയ്യാർ ജല സംഭരണിയിലെ മത്സ്യകൃഷി
text_fieldsനെയ്യാര്ജല സംഭരണിയിലെ കൂട് മത്സ്യകൃഷി
കാട്ടാക്കട: നെയ്യാർ ജല സംഭരണിയിൽ വേറിട്ട മത്സ്യകൃഷി. ജലസംഭരണിയില്‍ സ്ഥാപിച്ച കൂടുകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന കരിമീന്‍, വരാല് ഇവ കടൽ കടന്നുപോകുമ്പോൾ തദ്ദേശീയ ജനതക്കായി ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതി ആഗോളതലത്തിൽ ശ്രദ്ധയാകർഷിക്കുകയാണ്. ലോകത്തെ തന്നെ ആദ്യ സംരംഭമെന്ന നിലയിൽ നേരിട്ട ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ച ഗോത്ര വിഭാഗത്തിൽപെട്ടവരുടെ വിജയഗാഥ കൂടി ആയി മാറുകയാണ് നെയ്യാറിലെ ഈ കൂട് മത്സ്യകൃഷി.
സഞ്ചാരികളുടെ പറുദീസയായ നെയ്യാർ ജലസംഭരണിയില്‍ നടപ്പാക്കിയ കൂട് മത്സ്യകൃഷി ശാസ്ത്രീയ സമീപനം കൊണ്ടും ലക്ഷ്യനേട്ടം കൊണ്ടുമാണ് വിജയം കൈവരിച്ചത്. ശുദ്ധജലാശയങ്ങളിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കരിമീൻ കൃഷിയും കൂടുകളിൽ വരാൽ കൃഷിയും ആഗോളതലത്തിൽ തന്നെ ആദ്യമായി നടപ്പിലാക്കിയതെന്ന പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്. ഗോത്രവർഗ്ഗക്കാര്‍ക്ക് ജീവനോപാധി ഉറപ്പുവരുത്തുക, വിഷരഹിത മത്സ്യം വില്‍പ്പന നടത്തുക, തദ്ദേശീയ ഇനം മത്സ്യങ്ങളെ മാത്രം തിരഞ്ഞെടുക്കുക തുടങ്ങിയ അടിസ്ഥാനങ്ങളിലൂന്നിയാണ് സർക്കാർ കൂട് മത്സ്യകൃഷി പദ്ധതി വിഭാവനം ചെയ്തത്.
നദികളിലെ ഡാം നിർമ്മാണം, അശാസ്ത്രീയ മത്സ്യബന്ധനം തുടങ്ങിയ കാരണങ്ങളാൽ ഡാമുകളുടെ ജലാശയങ്ങളിൽ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നത് കണ്ടെത്തുകയും ഗോത്ര വിഭാഗങ്ങൾക്കിടയിൽ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണത്തിന്റെ ക്ഷാമം വരുകയും ചെയ്ത സാഹചര്യത്തിലാണ് ജലസംഭരണികളില്‍ കൂട് മത്സ്യക്കൃഷി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. നെയ്യാർ, പീച്ചി, ഇടുക്കി റിസർവോയറുകളിൽ 10.81 കോടി രൂപ ചെലവിലാണ് പദ്ധതി ആരംഭിച്ചത്.
എല്ലാ ബുധനാഴ്ചയും ഞായറാഴ്ചയും പൊതുജനങ്ങൾക്ക് ഇവിടെ മത്സ്യവിൽപന നടത്തിവരുന്നു. ഒരു കിലോ കരിമീനിന് 450 രൂപയും ഒരുകിലോ വരാലിന് 350 രൂപയുമാണ് വില. തദ്ദേശ വാസികൾക്ക് ആവശ്യമുള്ളത് കഴിഞ്ഞുളള മത്സ്യം കയറ്റി അയച്ചാലോ എന്ന ആശയത്തിന് പിന്നാലെ യു.കെയിലേക്ക് സാമ്പിൾ അയക്കുകയും ഗുണനിലവാര പരിശോധനയെ തുടർന്ന് 500 കിലോഗ്രാം വീതമുള്ള കൺസൈൻമെന്റുകളായി കയറ്റുമതി ചെയ്യുന്നതിന് ഓർഡർ ലഭിക്കുകയും ചെയ്തും. ഇതിനോടകം അഞ്ചു ടണ്ണിൽ അധികം മത്സ്യം വിറ്റഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

