ഭാരതീയ ന്യായ സംഹിത പ്രകാരം കേരളത്തിലെ ആദ്യ വിധി
text_fieldsബസിനുളളില്‍ പഴ്സ് തട്ടിപ്പറിച്ച യുവതികള്‍ക്ക് തടവുശിക്ഷ
പേരൂര്‍ക്കട: കെ.എസ്.ആര്.ടി.സി ബസിനുളളില്‍ യാത്രക്കാരിയുടെ പഴ്സ് തട്ടിപ്പറിച്ച് ഓടിയ തമിഴ്നാട് സ്വദേശിനികള്‍ക്ക് തടവുശിക്ഷ. തെങ്കാശി സ്വദേശിനികളായ മഹേശ്വരി, പാര്‍വതി എന്നിവരെയാണ് ഒരു വര്‍ഷം തടവിനും രണ്ടായിരം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. പിഴത്തുക ഒന്നാം സാക്ഷിയായ യാത്രക്കാരിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിലെ സിവില്‍ ജഡ്ജി (ജൂനിയര്‍ ഡിവിഷന്) ശ്വേത ശശികുമാറാണ് വിധി പ്രസ്താവിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 304-ാം വകുപ്പനുസരിച്ചുളള പിടിച്ചുപറി കുറ്റത്തിനാണ് ശിക്ഷ.
ഈ കുറ്റകൃത്യം പുതുതായി നിയമത്തില്‍ ഉള്‍പ്പെടുത്തിയതാണ്. ഈ വകുപ്പനുസരിച്ചുളള കേരളത്തിലെ ആദ്യ വിധിയാണ് ഇത്. 2025 ജൂലൈ ഒന്നിന് പേരൂര്‍ക്കട അമ്പലമുക്ക് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോഴാണ് പേരൂര്‍ക്കടയില്‍ നിന്നു കയറിയ പാലോട് സ്വദേശിനിയുടെ പഴ്സ് തട്ടിപ്പറിച്ചത്. പ്രതികള്‍ ഓടി രക്ഷപ്പെട്ടെങ്കിലും രണ്ടാളെയും പേരൂര്‍ക്കട പൊലീസ് സംഭവദിവസം തന്നെ പിടികൂടിയിരുന്നു. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുളള പ്രതികള്‍ വ്യത്യസ്ത പേരും വിലാസവുമാണ് പൊലീസിനു നല്‍കാറുളളത്. ജാമ്യത്തിലിറങ്ങി ഒളിവില്‍ പോകുകയാണ് ഇവരുടെ രീതി. രണ്ടാഴ്ചയ്ക്കുളളില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വളരെ വേഗത്തില്‍ തന്നെ വിചാരണ പൂര്‍ത്തിയാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. അരുണ്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

